KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറമടക്കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

എരുമേലി : പ്രവർത്തനം നിർത്തിവെച്ചിരുന്ന പാറമടയിൽ വെള്ളം നിറഞ്ഞ കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മുങ്ങി മരിച്ചു. ഏറെ സമയം നടത്തിയ തിരച്ചിലിൽ ആണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ എരുമേലി പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം ഭാഗത്തെ ഡെൽറ്റ പാറമടയിലാണ് അപകടം. കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് – ലിസി ദമ്പതികളുടെ മകനും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ആഷ്‌ലിൻ സന്തോഷ് (19), അയൽവാസിയും  തടത്തിൽ സുധീഷ് – രഞ്ജു  ദമ്പതികളുടെ മകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ  ആഷിർ സുധീഷ് (15) എന്നിവരാണ് മരണപ്പെട്ടത്. കുളത്തിൽ ആഴമേറിയ ഭാഗത്ത്‌ ഒരാൾ മുങ്ങിതാഴ്ന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചയാളും ഒപ്പം താഴ്ന്നുപോയി മരണപ്പെടുകയായിരുന്നെന്ന്  പറയുന്നു. അടുത്ത് ജനവാസമില്ലാത്തതും പാറമടയിൽ പ്രവർത്തനം നിർത്തിവെച്ചത് മൂലം ആളുകൾ ഇല്ലാതിരുന്നതും പെട്ടന്ന് രക്ഷപ്രവർത്തന സഹായം കിട്ടിയില്ല. വിവരം അറിഞ്ഞ് നാട്ടുകാരും തുടർന്ന് പോലീസും പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്സ് ടീമും എത്തി ആണ് തിരച്ചിലിൽ കുളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം ഉൾപ്പടെ നടപടികൾക്കായി മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഷ്ബിൻ, ലിസമ്മ എന്നിവരാണ് മരണപ്പെട്ട ആഷ്‌ലിന്റെ സഹോദരങ്ങൾ. അബിയ ആണ് മരണപ്പെട്ട ആഷിറിന്റെ സഹോദരി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കരിക്കും.

error: Content is protected !!