KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിരിപ്പിക്കാൻ ‘വാക് വർഷ’വുമായി ഇനിയില്ല എലിക്കുളം തോമസ്.

കാഞ്ഞിരപ്പള്ളി: സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും എലിക്കുളം തോമസ് എന്നറിയപ്പെടുന്ന പി. എം. തോമസ് പ്രാസഭംഗിയോടെ ഇടതടവില്ലാതെ പറയുമ്പോൾ കേൾവിക്കാരനാദ്യം അമ്പരപ്പ്… പിന്നെ പൊട്ടിച്ചിരി. മുൻകാലത്ത് നാട്ടിലെ തിരുനാൾ, ഉത്സവ കലാവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തോമസ്. തൊണ്ണൂറുകളിൽ തോമസ് വാക്കുകൾ കൊണ്ടു ചിരിവിരുന്നൊരുക്കിയത് ഇന്നും നാട്ടുകാർക്ക് ഓർമയിലുണ്ട്. ആ അതുല്യ കലാകാരൻ കാളകെട്ടി മാഞ്ഞുക്കുളം പുത്തൻവേലിക്കകത്ത് പി. എം. തോമസ് (എലിക്കുളം തോമസ് -78) കഴിഞ്ഞ ദിവസം ഓർമയായി. എലിക്കുളം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി.

വാക്കുകൾ കൊണ്ടുള്ള ആ അതിശയ പ്രകടനത്തിന് തോമസ് നൽകിയപേര് ‘വാക്ക് വർഷം’ . ഉഗാണ്ടയിൽ തുടങ്ങി ഊളമ്പാറയിലവസാനിക്കുന്ന സ്ഥലനാമങ്ങൾ, ‘ക്ലൗഡിയയിൽ തുടങ്ങി ‘ക്ലാരമ്മ’യിലവസാനിക്കുന്ന വ്യക്തി നാമങ്ങൾ… കേൾക്കുമ്പോൾ തോന്നും വിരലിലെണ്ണാവുന്ന പേരുകളാണ് തോമസ് പറയാറുള്ളതെന്ന്. പക്ഷേ ഒറ്റയിരുപ്പിൽ വെറും അഞ്ചു മിനിട്ടിൽ തോമസ് ഉരുവിടുന്നത് അയ്യായിരത്തി അഞ്ഞൂറോളം വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും.

ഒരിക്കൽ പറഞ്ഞ പേരുകൾ പിന്നീടാവർത്തിക്കാതെ തെല്ലിടപോലും നിർത്താതെ അവതരിപ്പിക്കുന്ന ഈ പരിപാടിയെ ഒരു ഹാസ്യകലാ രൂപമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ആ അതുല്യ കലാകാരൻ.

ശബ്ദതാരാവലി, പത്രങ്ങൾ, ടെലിഫോൺ ഡയറക്ടറി എന്നിവയിൽ നിന്ന് പുതിയ പേരുകളും സ്ഥലനാമങ്ങളും മനപ്പാഠമാക്കുന്ന തോമസ്സിന് പ്രാസഭംഗിയോടെ സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും അവതരിപ്പിച്ചാൽ രസകരമായിരിക്കും എന്ന ആശയം കിട്ടിയത് വീട്ടിൽ ഭിക്ഷ തേടിയെത്തിയ ഒരു യാചകനിൽനിന്നാണ്. ‘മണ്ണയ്ക്കനാട്, പിണ്ണാക്കനാട്, കാട്ടാമ്പള്ളി, കൂവർപ്പള്ളി വഴി പോയി വരികയാണ്’ എന്നയാൾ പറഞ്ഞത് മനസ്സിൽ കുറിച്ചിട്ട തോമസ് ‘വാക്‌വർഷ’ത്തിന് രൂപം നൽകുകയായിരുന്നത്രേ.

സാക്ഷരത, ഫാഷൻ ഭ്രമം, പെണ്ണുകാണൽ, പഞ്ചായത്ത് ഇലക്‌ഷൻ, മാതൃഭൂമി എന്നിങ്ങനെ അഞ്ച് ഹാസ്യ ഓട്ടൻതുള്ളലുകളുടെ രചയിതാവുമാണ്. കാഞ്ഞിരപ്പള്ളി പ്രീമിയർ കോളജിലെ ജീവനക്കാരനായിരുന്നു.

error: Content is protected !!