KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാളകെട്ടി സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് ജനകീയ സമിതി ; ഇനിയും വൈകിയാൽ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് ..

എരുമേലി : ശബരിമല മണ്ഡല തീർഥാടനകാലം അടുത്തിട്ടും കാളകെട്ടി സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം വൈകുന്നതിനെതിരെ കാളകെട്ടി ജനകീയ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓരോ മണ്ഡല-മകരവിളക്ക് കാലത്തും ലക്ഷക്കണക്കിനു തീർഥാടകരാണ് കാളകെട്ടി ഉൾപ്പെടുന്ന കാനനപാതയിലൂടെ കടന്നുപോകുന്നത്.

ഇവിടെ പ്രവർത്തിച്ചിരുന്ന കുടുംബാരോഗ്യകേന്ദ്രം കെട്ടിടം കാലപ്പഴക്കംമൂലം അപകടനിലയിൽ ആയതിനെ തുടർന്ന് തീർഥാടന കാലങ്ങളിൽ താൽക്കാലിക സൗകര്യങ്ങളാണ് സജ്ജമാക്കിയിരുന്നത്. എന്നാൽ തീർഥാടകർക്കുണ്ടാകുന്ന ഹൃദ്രോഗപ്രശ്നങ്ങളും പാമ്പുകടി, വന്യമൃഗ ആക്രമണം അടക്കമുള്ള പ്രശ്നങ്ങളും ചികിത്സിക്കുന്നതിനു നിലവിൽ സൗകര്യങ്ങളില്ല. ഇതിന്റെ ഭാഗമായിട്ടാണ് തീർഥാടനകാലത്ത് 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭിക്കുന്നവിധം 40 വർഷം പഴക്കമുള്ള പഴയ കുടുംബാരോഗ്യകേന്ദ്രം പൊളിച്ചു പണിയുന്നതിനു തീരുമാനിച്ചത്. ദേശീയ ആരോഗ്യദൗത്യം പദ്ധതി വഴി പുതിയ കെട്ടിടം നിർമിക്കാൻ 55 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ ഈ സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടം നിർമിക്കാനും ടെൻഡർ നടപടിപോലും നടത്താൻ കഴിയുന്നില്ലെന്ന് ജനകീയസമിതി ആരോപിച്ചു.

പഞ്ചായത്തും ആരോഗ്യവകുപ്പും പൊതുജനങ്ങളും എത്രയുംവേഗം പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമിക്കണമെന്ന നിർദേശവുമായി മുന്നോട്ടു പോകുമ്പോൾ റവന്യു വകുപ്പ് അനുകൂലമായ നടപടി സ്വീരിക്കുന്നില്ലെന്നാണ് ജനകീയ സമിതിയുടെ പരാതി. നിലവിലെ കെട്ടിടം സംബന്ധിച്ച റവന്യൂ രേഖയ്ക്കായി മാസങ്ങളായി ആരോഗ്യവകുപ്പ് അധികൃതർ സമീപിച്ചിട്ടും റവന്യൂ വകുപ്പ് അധികൃതർ മനഃപൂർവം ആവശ്യമായ സർട്ടിഫിക്കറ്റു ൾ നൽകാതെ വൈകിപ്പിക്കുകയാണെന്ന് ജനകീയ സമിതി ചെയർമാൻ പി.ജി. റെജിമോൻ, കൺവീനർ എം.എസ്. സതീഷ്, കമ്മിറ്റി അംഗം വിഷ്ണു ജി. നായർ എന്നിവർ ആരോപിച്ചു. എത്രയും വേഗം കെട്ടിടം നിർമാണം പൂർത്തിയാക്കി മുഴുവൻ സമയവും സേവനം ലഭിക്കുന്ന സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എരുമേലി മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ കാണുക.

error: Content is protected !!