KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ച് മണ്ഡലകാലത്തിന് മുൻപ് പൂർത്തിയാകും ; പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി : നിർമ്മാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ച് നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തീകരിക്കാൻ കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി. മണ്ഡല കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് മുന്നിൽ കണ്ടും റോഡ് നിർമ്മാണം വൈകുന്നതു കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ നിർദ്ദേശിച്ചു.

കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മണ്ണനാനി പാലം വരെ എട്ടു കിലോമീറ്റർ ആണ് ആദ്യ റീച്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ മണ്ണനാനി പാലത്തിന്റെ നിർമ്മാണം ധൃതഗതിയിൽ നടന്നുവരികയാണ്. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണവും പൂർത്തിയായി വരികയാണ്.

റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, എന്നിവയിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ബൈപ്പാസുമായി ബന്ധപ്പെട്ട യോഗവും കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നിലവിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം വളരെ വേഗം പണി പൂർത്തീകരിക്കുവാൻ നിർവ്വഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള ലിമിറ്റഡിന് നിർദ്ദേശം നൽകി.

error: Content is protected !!