എരുമേലി വലിയതോട്ടിലെ വെള്ളപ്പൊക്കം മാറ്റമില്ലാതെ തുടരുന്നു.
എരുമേലി : 2018-ൽ മഹാപ്രളയം. തുടർന്ന് ഓരോ വർഷവും വെള്ളപ്പൊക്കങ്ങൾ. പക്ഷേ, 2021 ഒക്ടോബറിലാണ് എരുമേലി വലിയ തോടിന്റെ രൗദ്രത എരുമേലിക്കാരും വ്യാപാരികളും മനസ്സിലാക്കിയത്. എന്നിട്ടും അധികൃതർ പാഠം പഠിച്ചില്ല. ഇക്കുറിയും കഥ ആവർത്തിച്ചു. ക്ഷേത്രമുറ്റം വരെ വെള്ളമായിരുന്നു.
2018-ലെ പ്രളയത്തിന് മുമ്പേ തോടിന്റെ സ്വാഭാവിക അവസ്ഥയിൽ മാറ്റം വന്നിരുന്നു. പ്രളയശേഷം സ്ഥിതി സങ്കീർണമായി. തോടിന്റെ ആഴവും വീതിയും കുറഞ്ഞു.
ജലവിതാനം നിലനിർത്താൻ കരിങ്കല്ലുംമൂഴിയിലും ധർമശാസ്താ ക്ഷേത്രത്തിന് മുമ്പിലുമായി രണ്ട് തടയണ നിർമിച്ചെങ്കിലും അശാസ്ത്രീയം. കരിങ്കല്ലുംമൂഴി തടയണയിൽ മണൽ കൂമ്പാരം. കുളിക്കടവിലെ തടയണ ഉപയോഗയോഗ്യമല്ലാത്ത നിലയിൽ.
മലിനീകരണണത്തിന്റെ തോത് ഉയർന്നു. ഒരോ വർഷവും തോട് കരകവിഞ്ഞ് ജനവാസ മേഖലയിലെത്തി നാട്ടുകാർക്കും വ്യാപാരികൾക്കും നഷ്‌ടങ്ങൾ വരുത്തിയിട്ടും പ്രശ്നപരിഹാരമില്ല.
തോട് സംരക്ഷിക്കാൻ പഠനങ്ങൾ നടത്തി പദ്ധതി നടപ്പാക്കാനോ, മലിനീകരണത്തിന് കാരണക്കാരാകുന്നവരെ കണ്ടെത്താനോ നടപടികളില്ലാത്ത കാഴ്ച.
എരുമേലിയിലെത്തുന്ന ശബരിമല തീർഥാടകർ പേട്ടതുള്ളൽ കഴിഞ്ഞ് കുളിക്കുന്നയിടമാണ് എരുമേലി വലിയതോട്ടിൽ ധർമശാസ്താ ക്ഷേത്രത്തിന് മുമ്പിലുള്ള കുളിക്കടവ്. പുഴയിൽ വെള്ളമില്ലാത്തതിനാൽ മണിമലയാറ്റിലെ കൊരട്ടിയിൽനിന്ന് ദേവസ്വം ബോർഡ് കുളിക്കടവിൽ വെള്ളമെത്തിച്ച് തടയണയിൽ തടഞ്ഞുനിർത്തും. പതിനായിരക്കണക്കിന് ഭക്തർ ഒരുദിനം കടവിലെ വെള്ളത്തിലിറങ്ങുമ്പോൾ വെള്ളം കുഴമ്പുപോലെയാകും. ഈ വെള്ളം തുറന്നുവിടുമ്പോൾ എത്തുന്നത് നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന മണിമലയാറ്റിലേക്ക്.
പുഴയുടെ ആഴവും വീതിയും കുറഞ്ഞു. മലിനീകരണത്തോത് വർധിച്ചു. എരുമേലി കെ.എസ്.ആർ.ടി.സി. ജങ്ഷൻ, കരിങ്കല്ലുംമൂഴി, ദീപ്തി പാലം എന്നിവിടങ്ങളിൽ പുഴയുടെ വീതി പകുതിയായി. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നൂറോക്കാട് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന പുഴ എരുമേലി കൊരട്ടിയിൽ മണിമലയാറ്റിലേക്ക് ചേരുന്നു
