KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി നൈനാർ മസ്ജിദ് ഉൾപ്പെടെ നൂറിലധികം മുസ്ലിം പള്ളികൾ നിർമിച്ച, മോസ്‌ക്‌മാൻ എന്ന് വിളിപ്പേരുള്ള ജി. ഗോപാലകൃഷ്ണൻ ഓർമയായി.

എരുമേലി : ഇൻഡോ – സാരസനിക് മാതൃകയിൽ എരുമേലി നൈനാർ മസ്ജിദ് നിർമിച്ചത് ഉൾപ്പടെ കേരളത്തിലുടനീളം 110 ലേറെ മസ്ജിദുകളുടെ ശിൽപിയായിരുന്ന ജി ഗോപാലകൃഷ്ണൻ (90) അന്തരിച്ചു. സംസ്ക്കാരം 17 ന് വ്യാഴം ഉച്ചക്ക് 12 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടം ശ്മശാനത്തിൽ.

തിരുവനന്തപുരത്ത് പാളയം ജുമാ മസ്ജിദ് നിർമിച്ചത് ഗോപാലകൃഷ്ണന്റെ പിതാവായിരുന്ന പാളയം ആലുംകണ്ടം വീട്ടിൽ ഗോവിന്ദൻ കോൺട്രാക്ടറായിരുന്നു. അച്ഛൻ പാളയം മുസ്ലിം പള്ളി നിർമാണം ഏറ്റെടുത്തു നടത്തുന്നത് നോക്കി നിന്ന ബാലനായ മകൻ ഗോപാലകൃഷ്ണൻ എഞ്ചിനീയറിംഗ് ഒന്നും പഠിക്കാൻ പോകാതെ കേരളത്തിലുടനീളം നിർമിച്ചത് 110 മുസ്ലിം പള്ളികളും നാല് ക്രിസ്ത്യൻ പള്ളികളും. സ്വന്തം നാടായ പാളയത്ത് രഥത്തിന്റെ മാതൃകയിൽ ക്ഷേത്രവും. അച്ഛൻ നിർമിച്ച പാളയം പള്ളി പുതുക്കിപ്പണിതതും മകനായ ഗോപാലകൃഷ്ണൻ.

1961 മുതൽ ആരാധനാലയങ്ങളുടെ ശില്പിയാണ് ഗോപാലകൃഷ്ണൻ. ഹിന്ദു നാടാർ സമുദായത്തിൽ ജനിച്ച ഗോപാലകൃഷ്ണൻ വിവാഹം ചെയ്തത് സ്വന്തം സമുദായത്തിൽ നിന്നായിരുന്നില്ല. ക്രിസ്ത്യൻ മതത്തിൽപെട്ട ജയയെ ഭാര്യയാക്കി. മക്കൾ വളർന്നപ്പോൾ അവരും ജാതിയും മതവും നോക്കിയില്ല. മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളെ വിവാഹം ചെയ്ത് അച്ഛനെയും അമ്മയെയും അവർ കടത്തിവെട്ടി.

കേരളത്തിൽ എവിടെയും മുസ്ലിം പള്ളി നിർമിക്കണമെങ്കിൽ ഗോപാലകൃഷ്ണൻ വരണമെന്ന ചൊല്ല് വരെ പ്രചാരത്തിലായതോടെ മോസ്‌ക്‌മാൻ എന്ന പേരും ഇതോടെ വീണു. ബൈബിളും ഭഗവദ് ഗീതയും ഖുർആനും തമ്മിലുള്ള സാമ്യങ്ങൾ വ്യാഖ്യാനിക്കുന്ന ഖുർആന്റെ വിവർത്തനം കൂടിയായ പുസ്തകം രചിച്ച ഗോപാലകൃഷ്ണൻ പുസ്തകത്തിന് പേരിട്ടത് ഞാൻ കണ്ട ഖുർആൻ എന്നായിരുന്നു. എരുമേലിയിൽ നൈനാർ പള്ളിയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോഴാണ് ഖുർആൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പുസ്തകമെഴുതി തുടങ്ങിയത്. അതിന് നിമിത്തമായത് ഖുർആനിലെ ഏറ്റവും പ്രധാനമായ ആയത്തുൽ കുർസി എന്ന സൂക്തമായിരുന്നു. ഇതിന്റെ അർത്ഥം എല്ലാ മതവിഭാഗങ്ങളിൽപെട്ടവർക്കും മനസിലാകുന്നതിന് മലയാളം, ഇംഗ്ലീഷ് പരിഭാഷകളിൽ എരുമേലിയിലെ നൈനാർ ജുമാ മസ്ജിദിന്റെ വാതിലിൽ കോൺക്രീറ്റ് ഫലകത്തിൽ ഗോപാലകൃഷ്ണൻ സ്ഥാപിച്ചിട്ടുണ്ട്.

ഖുർആനും ഭഗവദ് ഗീതയും ബൈബിളും തമ്മിലുള്ള ഒട്ടേറെ സാദൃശ്യങ്ങൾ വിവരിക്കുന്നതാണ് ഗോപാലകൃഷ്ണന്റെ ഞാൻ കണ്ട ഖുർആൻ എന്ന പുസ്തകം. ഖുർആനിലെ ഓരോ അധ്യായങ്ങളും വിവർത്തനം ചെയ്ത് എഴുതുന്നതിനൊപ്പം ബൈബിളിലും ഭഗവദ് ഗീതയിലും സമാനമായി വരുന്ന ഭാഗങ്ങൾ കണ്ടെത്തി വിവർത്തനത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. എട്ട് വർഷത്തോളം നീണ്ട രചന കൊണ്ടാണ് ഞാൻ കണ്ട ഖുർആൻ ഗോപാലകൃഷ്ണൻ പൂർത്തിയാക്കിയത്. 1500 ൽ പരം പേജുകളുള്ള പുസ്തകം മൂന്ന് വാല്യം ആയാണ് തയ്യാറാക്കിയത്. മൂന്ന് മതങ്ങളുടെയും വേദഗ്രന്ഥങ്ങളുടെ സാരാംശം ഒന്ന് തന്നെയാണെന്ന് വിശദമാക്കുന്നതാണ് തന്റെ പുസ്തകമെന്നും എല്ലാവരും സ്വന്തം മതത്തെക്കുറിച്ച് നന്നായി പഠിക്കുകയും ഒപ്പം മറ്റ് മതങ്ങളെപ്പറ്റി വ്യക്തമായി മനസിലാക്കുകയും ചെയ്താൽ എല്ലാവരും നല്ല മനുഷ്യരാകുമെന്നും ഒരിക്കലും വർഗീയ ലഹളകൾ ഉണ്ടാകില്ലെന്നും തെറ്റിദ്ധാരണകൾ മാറി പരസ്പരം സ്നേഹിക്കുമെന്നും ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു. റമദാൻ മാസത്തിൽ വൃതം അനുഷ്‌ഠിക്കുമായിരുന്നു ഗോപാലകൃഷ്ണൻ. മക്കളിൽ ഗോവിന്ദ് ജൂനിയർ ആണ് ഗോപാലകൃഷ്ണന്റെ വഴിയേ ആർക്കിടെക്റ്റ് ആയി മാറിയത്. ശ്രീനി ഗോവിന്ദ്, നീനി ഗോവിന്ദ് എന്നിവരാണ് മറ്റ് മക്കൾ.

error: Content is protected !!