രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ
കാഞ്ഞിരപ്പള്ളി : ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ. കൂവപ്പള്ളിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജഹീദുൽ ഇസ്ലാം (22) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് പിടികൂടിയത്.
ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. ജഹീദുള്ളിന് ലഹരി ഇടപാടുകളുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി.ജോസിന്റെയും നർക്കോട്ടിക് സെൽ ഡിവൈഎസ്പി യു.ശ്രീജിത്തിന്റെയും നേതൃത്വത്തിൽ ഇയാൾ രഹസ്യനിരീക്ഷണത്തിലായിരുന്നു. വെസ്റ്റ് ബംഗാളിൽ നിന്നും കാഞ്ഞിരപ്പള്ളി കുരിശ് കവലയിൽ വന്നിറങ്ങിയപ്പോൾ, പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും, ദേഹപരിശോധനയിലും ഇയാളുടെ പക്കൽ നിന്നും 2.200 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ നേരത്തെയും കഞ്ചാവ് കേസുണ്ട്..
