കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വ യോഗം നടത്തി ; സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു.
കൂവപ്പള്ളി : കനത്ത വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും മൂലം വലിയ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കൃഷിക്കും, പ്രളയം ഉണ്ടായി 50 ദിവസം കഴിഞ്ഞിട്ടും ഒരു രൂപ പോലും സഹായം നല്കാന് യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അത് നേടിയെടുക്കാന്‍ ജില്ലയിലെ യു.ഡി.എഫ്. എം.എല്‍.എ. മാര്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി.
അതില്‍ ജനങ്ങള്‍ക്ക് വലിയ പ്രതിഷേധം ആണ് ഉള്ളത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പരിസ്ഥിതി ലോല വില്ലേജുകളായ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പ്രദേശങ്ങള്‍ ജനവാസകേന്ദ്രവും, കൃഷിയിടങ്ങളുമായിട്ടും അവയെ പരിസ്ഥിതിലോല പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടത്തിയിരിക്കുകയാണ്. അത് തിരുത്തിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരും, ബി.ജെ.പിയും ഒന്നും ചെയ്യുന്നില്ല. മറ്റെല്ലാ കാര്യങ്ങളിലും ഒന്നിച്ചുനില്‍ക്കുന്ന കേരളത്തിലെ യു.ഡി.എഫും, ബി.ജെ.പി യും പരിസ്ഥിതിലോല വിഷയത്തില്‍ പ്രസ്താവന നടത്തി തടി തപ്പുകയാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പി യും, യു.ഡി.എഫുമാണ്. ഉത്തരവാദിത്വത്തില്‍നിന്നും അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആവില്ല. യു.ഡി.എഫ് അധികാരം ഏറ്റതിനുശേഷമുള്ള കറന്റ് കട്ട് ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു.
മേല്‍വിഷയങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജന് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എക്സ് എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്തി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസുകുട്ടി മുതുപുന്നയ്ക്കല്‍, ജില്ലാ സെക്രട്ടറിമാരായ ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോണിക്കുട്ടി മഠത്തിനകം,, ബിനോ ജോണ്‍ ചാലക്കുഴി, ജോസ് കാനാട്ട്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് മാത്യു കോക്കാട്ട്, ഷോജി അയലൂകുന്നേല്‍, സാബു കാലാപ്പറമ്പില്‍, എ.കെ. നാസ്സര്‍, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടയ്ക്കല്‍, ചാര്‍ളി കോശി, ഔസപ്പച്ചന്‍ കല്ലറങ്ങാട്ട്, തോമസ് മാണി കുമ്പുങ്കല്‍, ബിജോയി ജോസ്, അഡ്വ. ജെയിംസ് വലിയവീട്ടില്‍, ജാന്‍സ് വയലിക്കുന്നേല്‍, സണ്ണി വാവലാങ്കല്‍, സാജു പുല്ലാട്ട്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോളി മടുക്കക്കുഴി, തങ്കച്ചന് കാരയ്ക്കാട്ട്, ബാബു. ടി ജോണ്‍, അഡ്വ. അബേഷ് അലോഷ്യസ്, ലിബിന് ബിജോയി, ജോഷി മൂഴിയാങ്കല്‍, റജി ഷാജി, ജോളി ഡോമിനിക്, തോമസ് ചെമ്മരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. അറുപതാം ജന്മദിനമാഘോഷിച്ച അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് നിയോജകമണ്ഡലം കമ്മറ്റി ആശംസകള്‍ നേര്‍ന്നു.
