ഇ.എസ്.എയിൽ ഉൾപ്പെടുത്തിയതിനെതിരെ തുലാപ്പള്ളിയിൽ പ്രതിഷേധമിരമ്പി.
കണമല : പരിസ്ഥിതി ലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ പമ്പാവാലി തുലാപ്പള്ളി മേഖല ഉൾപ്പെട്ടതിനെതിരെ പ്രദേശത്ത് വ്യാപക ജനരോഷം. തുലാപ്പള്ളി മാർത്തോമാ പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ. വിജ്ഞാപനത്തിൽ നിന്ന് പ്രദേശത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആക്ഷേപം സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒപ്പ് ശേഖരണവും തുടങ്ങി.
തുലാപ്പള്ളി പ്രദേശത്തെ അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകൾ പൂർണമായും പരിസ്ഥിതി ലോല മേഖലയായി കരട് വിജ്ഞാപനത്തിലുണ്ട്. പ്രതിഷേധ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി കെ സജി, വാർഡ് മെമ്പർമാരായ പി എസ് അനിത, ഉഷാകുമാരി, പി എസ് ഉത്തമൻ, രജനി സതീഷ്, രതീഷ്, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
