എഐ എക്സാം’ പ്ലാറ്റ്ഫോമുമായി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് ; ഉത്തരങ്ങൾ സമർപ്പിച്ച് നിമിഷങ്ങൾക്കകം ഫലം; സുരക്ഷിതമായ ഓൺലൈൻ പരീക്ഷയും എഐ അധിഷ്ഠിത മൂല്യനിർണയവും ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ.
കാഞ്ഞിരപ്പള്ളി: പരീക്ഷാ നടത്തിപ്പിന്റെ പരമ്പരാഗത രീതികൾക്ക് സാങ്കേതികവിദ്യയുടെ കരുത്തേകി, നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ സമഗ്ര പരീക്ഷാ സംവിധാനം ഒരുക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്). ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ ഓൺലൈൻ പരീക്ഷ, ഉത്തരങ്ങളുടെ മൂല്യനിർണയം, ഫലപ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളും ഒരൊറ്റ സംവിധാനത്തിലൂടെ സാധ്യമാക്കുന്ന ‘എഐ എക്സാം’ പ്ലാറ്റ്ഫോമാണ് കോളേജിന്റെ അക്കാദമിക് എന്റർപ്രൈസ് സൊല്യൂഷൻസ് (എഇഎസ്) വിഭാഗം വികസിപ്പിച്ചത്.
വിഷയം, പഠനലക്ഷ്യങ്ങൾ, മാർക്ക്, ചോദ്യങ്ങളുടെ നിലവാരം എന്നിവ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ എഐയുടെ സഹായത്തോടെ വലിയ തോതിൽ ചോദ്യങ്ങൾ തയ്യാറാക്കാൻ പ്ലാറ്റ്ഫോമിന് കഴിയും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കും (എംസിക്യു) വിവരണാത്മക ചോദ്യങ്ങൾക്കും സൗകര്യമുണ്ട്. തയ്യാറാക്കുന്ന ചോദ്യങ്ങൾ, ഉത്തരസൂചിക, മൂല്യനിർണയ മാനദണ്ഡങ്ങൾ എന്നിവ അധ്യാപകർക്ക് പരിശോധിച്ച് ആവശ്യാനുസരണം തിരുത്താനും സാധിക്കും.
ഓരോ വിദ്യാർഥിക്കും ഒരേ നിലയിലുള്ള ചോദ്യശേഖരത്തിൽനിന്ന് ക്രമരഹിതമായി വ്യത്യസ്ത ചോദ്യങ്ങൾ ലഭിക്കുന്ന സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ എല്ലാ വിദ്യാർഥികൾക്കും തുല്യനിലവാരത്തിലുള്ളതും എന്നാൽ വ്യത്യസ്തവുമായ ചോദ്യപേപ്പറുകൾ ഉറപ്പാക്കാം. അധ്യാപകർ അനുമതി നൽകുന്ന പക്ഷം ലഭിച്ച ചോദ്യത്തിന് പകരം അതേ നിലയിലുള്ള മറ്റൊരു ചോദ്യം തിരഞ്ഞെടുക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. പ്രോക്ടറിങ് സംവിധാനത്തിലൂടെ പരീക്ഷയുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും പ്ലാറ്റ്ഫോം സഹായിക്കുന്നു.
ഉത്തരങ്ങൾ സമർപ്പിച്ച് നിമിഷങ്ങൾക്കകം എഐ അധിഷ്ഠിത മൂല്യനിർണയത്തിലൂടെ ഫലം ലഭ്യമാകുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന സവിശേഷത. അധ്യാപകരുടെ പരിശോധനയ്ക്കുശേഷം മാത്രം ഫലം പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വിശദമായ മൂല്യനിർണയ റിപ്പോർട്ടോടുകൂടിയ ഫലം വിദ്യാർഥികൾക്ക് ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി ലഭിക്കും. ഫലത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അതിന്റെ ആധികാരികത പരിശോധിക്കാനും കഴിയും.
മൂല്യനിർണയത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനും പുനഃപരീക്ഷയിൽ പങ്കെടുക്കാനും പ്ലാറ്റ്ഫോമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഒരു ക്ലാസിലെ വിദ്യാർഥികളുടെ പഠനനിലവാരവും മൊത്തത്തിലുള്ള പ്രകടനവും എഐ വിശകലനം ചെയ്ത് അധ്യാപകർക്ക് വിശദമായ റിപ്പോർട്ട് നൽകും. വിദ്യാർഥികൾക്ക് കൂടുതൽ പിന്തുണ ആവശ്യമായ വിഷയങ്ങളും പഠനമേഖലകളും തിരിച്ചറിഞ്ഞ് അധ്യാപനരീതികൾ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
പരീക്ഷാ നടത്തിപ്പിലെ സമയനഷ്ടം കുറയ്ക്കുക, അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കുക, മൂല്യനിർണയത്തിൽ കൃത്യതയും ഏകീകൃത നിലവാരവും ഉറപ്പാക്കുക എന്നിവയാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് വഴിയൊരുക്കുന്ന ഈ സംരംഭം പരീക്ഷാ നടത്തിപ്പിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.
