KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാതൃകാ കര്‍ഷകനും പത്തൊന്‍പത് മക്കളുടെ പിതാവുമായ വെച്ചൂച്ചിറ നിരപ്പേല്‍ ഏബ്രഹാം (90) ഓർമ്മയായി

എരുമേലി : വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കര്‍ഷകനും, പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവുമായ എന്‍.എം. ഏബ്രഹാം എന്ന കുട്ടിപാപ്പൻ തൊണ്ണൂറാം വയസ്സിൽ വിടപറഞ്ഞു .

ഇടമറ്റത്തുനിന്ന് 75 വര്‍ഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരന്‍ എന്‍.എം. വര്‍ക്കിക്കും അയല്‍വാസികള്‍ക്കുമൊപ്പം കുട്ടിപാപ്പൻ വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തില്‍ നാളുകള്‍. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയര്‍ത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങള്‍ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളില്‍ ഏറുമാടം കെട്ടിയായിരുന്നു താമസം.

അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളിൽ നിന്നും കുടിയേറി വന്നവര്‍ക്കെല്ലാം കുട്ടിപാപ്പന്‍ കരുതലും സ്‌നേഹവും നല്‍കി. പെരുവന്താനം ഒട്ടലാങ്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്കു ജനിച്ച 19 മക്കളില്‍ 15 പേര്‍ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ്, ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍ എന്നിവരാണ് മക്കള്‍. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്. വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയിലെ സിമിത്തേരിയിൽ സംസ്കാരം നടന്നു .

error: Content is protected !!