എലിക്കുളം പഞ്ചായത്തിന്റെ ‘ലൈഫ് ചാനൽ’ തുടങ്ങി
എലിക്കുളം: ഗ്രാമപ്പഞ്ചായത്തിന്റെ യൂ ട്യൂബ് ചാനൽ ‘ലൈഫ്’ പ്രവർത്തനം തുടങ്ങി. കോവിഡ് പ്രതിരോധം, ബോധവത്‌കരണം, ക്ഷേമപദ്ധതികൾ തുടങ്ങി സമഗ്രമായ പരിപാടികളുമായാണ് ചാനലിന്റെ പ്രവർത്തനം. ലൈറ്റ് ഫോർ ഇൻഡിജെനസ് ഫാർമേഴ്സ് ഓഫ് എലിക്കുളം(ലൈഫ്)-ദാരിദ്ര്യമനുഭവിക്കുന്ന എലിക്കുളത്തെ കൃഷിക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം അതാണ് യൂ ട്യൂബ് ചാനലിന്റെ നിർവചനം.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടുള്ള സമ്മർദങ്ങളൊഴിവാക്കാനായി രക്ഷിതാക്കൾക്കുള്ള ക്ലാസോടെയാണ് ഞായറാഴ്ച രാവിലെ ചാനലിന്റെ പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. സൈക്കോളജിസ്റ്റുകളും അധ്യാപകരും ക്ലാസ് നയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചും യഥാസമയം ചാനലിലൂടെ ജനങ്ങൾക്ക് വിവരം നൽകും. ഓരോ ആനുകൂല്യങ്ങളും എങ്ങനെ നേടാം എന്ന വിവരം പങ്കുവെയ്ക്കും. കോവിഡ് കാല മുൻകരുതലുകൾ ചാനലിൽ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു.

