അപകടം ഒഴിവാക്കാൻ റോഡരികിൽ കണ്ണാടി സ്ഥാപിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി റോഡും കാഞ്ഞിരപ്പള്ളി-മണിമല റോഡും സംഗമിക്കുന്ന കുരിശുങ്കൽ ഭാഗത്തെ അപകടം ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് കോൺവെക്‌സ് മിറർ സ്ഥാപിച്ചു. പ്രദേശത്ത് അപകടങ്ങൾ നിത്യസംഭവമായതോടെയാണ് അധികൃതർ പരിശോധന നടത്തി കണ്ണാടി സ്ഥാപിച്ചത്. മണിമല ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് കൂടുതൽ അപകടങ്ങളുമുണ്ടായത്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. എ.എം.വി.ഐ.മാരായ ഒ.ഐ.അൻഷാദ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

