KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വ്യാജ അറിയിപ്പിൽ ആൾക്കൂട്ടം എത്തിയതോടെ എരുമേലിയിൽ വാക്‌സിൻ വിതരണം തടസ്സപെട്ടു, പോലീസ് എത്തി നിയന്ത്രിച്ചു

എരുമേലി : ആരോ പ്രചരിപ്പിച്ച തെറ്റായ അറിയിപ്പ് മൂലം ബുക്ക് ചെയ്യാത്ത നൂറുകണക്കിന് ആളുകൾ തിങ്കളാഴ്ച വാക്സിൻ എടുക്കുവാൻ തടിച്ചുകൂടിയതോടെ എരുമേലി ആശുപത്രി വളപ്പിൽ അരങ്ങേറിയത് സംഘർഷകരമായ രംഗങ്ങൾ. ചെല്ലുന്നവർക്കെല്ലാം വാക്‌സിൻ കിട്ടുമെന്ന് ആരോ വാർത്ത പ്രചരിപ്പിച്ചതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ വിലക്കുകൾ വക വെയ്ക്കാതെ ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തിയതോടെ വാക്‌സിൻ വിതരണം താറുമാറായി . പോലിസ് എത്തി ഇടപെട്ടിട്ടും പലരും പിരിഞ്ഞു പോയില്ല. വലച്ചത് ആരോ പ്രചരിപ്പിച്ച തെറ്റായ അറിയിപ്പ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

അതേസമയം വാക്സിൻ വിതരണം ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂട്ടായ ഏകോപനം ഇല്ലാത്തതാണ് തെറ്റായ അറിയിപ്പുകൾ പ്രചരിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആകെ 380 വാക്സിൻ ആണ് ഇന്നലെ വിതരണത്തിനായി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയുടെ പരിധിയിൽ വരുന്ന 23 വാർഡുകളിൽ 60 വയസിനു മേൽ പ്രായമുള്ള ബിപിഎൽ വിഭാഗത്തിൽ പെട്ട 20 പേർക്ക് വീതവും ഓട്ടോ ഡ്രൈവർമാരായ 50 പേർക്കുമാണ് ഇന്നലെ വിവിധ സമയങ്ങളിലായി ഇവ വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ എത്തിയത് എണ്ണൂറിൽ പരം ആളുകളാണ്. അതിരാവിലെ തന്നെ ആളുകൾ എത്തീതുടങ്ങിയിരുന്നു. ആളുകളുടെ എണ്ണം വർധിച്ചതോടെ ക്രമീകരണങ്ങൾ തകിടം മറിഞ്ഞു. അർഹരായവർക്ക് വാക്സിൻ നൽകാൻ കഴിയാതെ മുൻഗണന തെറ്റി അനർഹരായവർക്ക് വിതരണം ചെയ്യുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയതോടെ ബഹളവും ഉന്തും തള്ളുമായി മാറി. ഇതോടെ പോലിസ് എത്തി ആളുകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ സംഘർഷത്തിന്റെ വക്കിലെത്തുകയായിരുന്നു.

ഒടുവിൽ പോലീസിന്റെ നിയന്ത്രണത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുമ്പോഴും ആശുപത്രി വളപ്പിൽ പ്രതിഷേധവും തർക്കങ്ങളും നിലച്ചിരുന്നില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എരുമേലി സർക്കാർ ആശുപത്രിയിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. വാക്സിൻ സ്റ്റോക്ക് തീർന്നതിനാലാണ് വിതരണം നിർത്തി വെച്ചത്. ഇനി സ്റ്റോക്ക് എത്തിയാലും കൃത്യമായി ഏകോപനം ഉണ്ടാകാതെ വിതരണം ചെയ്യാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ആശുപത്രിയിൽ പ്രത്യേകം ഹെല്പ് ഡസ്ക് ഉൾപ്പെടെ കൗണ്ടർ കോവിഡ് വാക്സിൻ വിതരണത്തിന് സഹായമായി പ്രവർത്തനം ആരംഭിച്ചാൽ തർക്കങ്ങളും പ്രശ്നങ്ങളും ഒഴിയുമെന്ന് പൊതുപ്രവർത്തകർ പറയുന്നു. ആശുപത്രിയിൽ നിന്നും മാറ്റി വിശാലമായ സൗകര്യങ്ങളോട് കൂടിയ മറ്റൊരിടത്തേക്ക് വാക്സിൻ വിതരണം മാറ്റണമെന്ന് അഭിപ്രായം ശക്തമാണ്. രോഗവ്യാപനം തടയാൻ ഇത് സഹായിക്കും. അതേസമയം വാർഡുകൾ തോറും ക്യാമ്പ് നടത്തി വാക്സിൻ വിതരണം നടത്തുന്നതാണ് കൂടുതൽ അനുയോജ്യമായതെന്ന് ജനപ്രതിനിധികൾ പറയുന്നു. വ്യക്തമായ ആസൂത്രണത്തോടെ വാക്സിൻ വിതരണം നടത്തിയില്ലെങ്കിൽ അപാകതകൾ കൂടുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.

error: Content is protected !!