കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡിനുള്ളിൽ അടച്ചിട്ടിരിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ മലിനജലം ഒഴുകുന്നത് ബസ്‌സ്റ്റാൻഡിനുള്ളിലൂടെ
കാഞ്ഞിരപ്പള്ളി: ബസ്‌സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷന് സമീപത്തുനിന്നും പ്രവേശനകവടത്തിലൂടെയും മലിനജലമൊഴുകുന്നു. യാത്രക്കാരും വ്യാപാരികളും ഉപയോഗിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ മലിനജലക്കുഴി നിറഞ്ഞതോടെ പൂട്ടിയിട്ടനിലയിലാണ്. ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുകൂടിയാണ് മലിനജലം ഒഴുകുന്നത്. യാത്രക്കാർക്ക് ഈ മലിനജലത്തിൽ ചവിട്ടിവേണം ബസിൽ കയറാൻ.
പുത്തനങ്ങാടി റോഡിൽ ബസ്‌സ്റ്റാൻഡിന് മുന്നിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. ഇവിടെ ഓട സംവിധാനമില്ലാത്താണ് വെള്ളം റോഡിലൂടെ ഒഴുകാൻ കാരണം. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും പടർത്തുന്ന സാഹചര്യമാണ് ബസ്‌സ്റ്റാൻഡ് പരിസരത്തുള്ളത്.
മഴക്കാലമായാൽ ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിടും. ഉറവയുള്ളതിനാൽ മലിനജലക്കുഴികൾ നിറയുന്നതാണ് കാരണം. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുക. യാത്രക്കാർ, വ്യാപാരികൾ, ബസ് ജീവനക്കാർ എന്നിവരെയാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാത്തത് ബുദ്ധിമുട്ടിലാക്കുന്നത്. പ്രാഥമികാവശ്യങ്ങൾ ബസ്‌സ്റ്റാൻഡ് പരിസരത്തുതന്നെ സാധിക്കേണ്ട സ്ഥിതിയാണുള്ളത്. ബസ് സ്റ്റാൻഡിൽനിന്ന് അകലെ കുരിശുങ്കലിൽ മണിമല റോഡിന് സമീപവും പേട്ടക്കവലയിലുമുള്ള പൊതുശൗചാലയങ്ങളാണ് നിലവിലുള്ള ആശ്രയം. രണ്ടുവർഷം മുമ്പ് എം.എൽ.എ. ഫണ്ടിൽനിന്ന് 90 ലക്ഷം രൂപ വിനിയോഗിച്ച് ബസ്‌സ്റ്റാൻഡ് നവീകരിച്ചെങ്കിലും കംഫർട്ട് സ്റ്റേഷന്റെ മലിനജലക്കുഴിയുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നില്ല. കംഫർട്ട് സ്റ്റേഷൻ 2010-ൽ 25 വർഷത്തേക്ക് ബി.ഒ.ടി. അടിസ്ഥാനത്തിലാണ് നിർമിച്ചത്. പഞ്ചായത്ത് ഇടപെട്ട് കംഫർട്ട് സ്റ്റേഷൻ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പുറത്തേക്കൊഴുകുന്ന മലിനജലം സ്റ്റാൻഡിനുള്ളിലെ ഓടയിലൂടെ ഒഴുകിയെത്തുന്നത് ചിറ്റാർ പുഴയിലേക്കാണ്. നിരവധി കുടിവെള്ളസ്രോതസ്സുകൾ ചിറ്റാർ പുഴയോരത്ത് സ്ഥിതിചെയ്യുന്നുണ്ട്. പുഴ മലിനമാക്കുന്നതിനൊപ്പം ജലജന്യരോഗങ്ങൾ പടരുന്നതും കാരണമാകും
