വാഹനം അമിതമായി മോടിപിടിപ്പിക്കുന്നവർ ശ്രദ്ധിക്കണം; പിടിക്കപ്പെട്ടാൽ കീശ കാലിയാകും
കാഞ്ഞിരപ്പള്ളി : വാഹനം അമിതമായി മോടിപിടിപ്പിക്കുന്നവർ ശ്രദ്ധിക്കണം, പിടിക്കപ്പെട്ടാൽ കീശ കാലിയാകും. വണ്ടി നിരത്തിലിറക്കാൻ പറ്റാതാകും. റോഡിൽ വാഹനമിറക്കുന്നർ സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റ് യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം കുറ്റകരമാണ്.
നിറം
വാഹനവകുപ്പിന്റെ അനുമതിയോടെ വാഹനത്തിന്റെ നിറം മാറ്റാം. ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകി ആർ.സി. ബുക്കിൽ വാഹനത്തിന്റെ നിറം മാറ്റം രേഖപ്പെടുത്തണം. വെളുത്തനിറത്തിലുള്ള വാഹനത്തിൽ ചിലഭാഗങ്ങളിൽ കളർ മാറ്റുന്നതും സ്റ്റിക്കർ ചെയ്ത് രണ്ട് നിറമാക്കുന്നതും കുറ്റകരമാണ്.
ലൈറ്റ്
കമ്പനി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾമാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. കാഴ്ച ഭംഗി കൂട്ടുവാൻ വാഹനങ്ങളുടെ മുകളിലും താഴെയുമായി ലൈറ്റുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. എതിരേവരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന ലൈറ്റുകൾ അനുവദനീയമല്ല.
അലോയ് വീലുകൾ
വാഹനത്തിന്റെ ടയർ സൈസിൽ മാറ്റംവരുത്താത്ത അലോയ് വീൽ അനുവദനീയമാണ്. വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കാൻ പാടില്ല.
സൈലൻസർ
വാഹനത്തിന്റെ ശബ്ദം മാറ്റുവാനാണ് കൂടുതൽ പേരും സൈലൻസറുകൾ മാറ്റുന്നത്. വാഹനത്തിന്റെ എൻജിനുമായി ചേർന്നുനിൽക്കുന്ന രീതിയലാണ് സൈലൻസറുകളും ഡിസൈൻ ചെയ്യുന്നത്. ഇവ ചെറുതാക്കുന്നതും മാറ്റം വരുത്തുന്നതും അന്തരീക്ഷ, ശബ്ദ മലിനീകരണങ്ങൾക്ക് കാരണമാകും.
സ്റ്റിക്കറുകൾ
ചെറിയരീതിയിലുള്ള സ്റ്റിക്കറുകൾ അനുവദിക്കാറുണ്ടെങ്കിലും വണ്ടിയുടെ നിറവും രൂപവും മാറുന്ന രീതിയിലും, ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന രീതിയിലും വാഹനത്തിൽ സ്റ്റിക്കർ പതിക്കുന്നത് അനുവദിക്കില്ല.
മറ്റ് മാറ്റങ്ങൾ
• നമ്പർ പ്ലേറ്റ് അവ്യക്തമായി ഘടിപ്പിക്കുന്നത്, എഴുത്തിൽ മാറ്റങ്ങൾ വരുത്തുന്നത്, നമ്പർ പേരാക്കി എഴുതുന്നത്, ചിത്രപ്പണികൾ തുടങ്ങിയവ പാടില്ല.
• ക്രാഷ് ബാർ, ബുൾബാർ എന്നിവ വാഹനത്തിൽ സ്ഥാപിക്കാൻപാടില്ല.
• കമ്പനി അനുവദിക്കുന്നതിൽ കൂടുതൽ സീറ്റുകൾ പാടില്ല. സീറ്റുകൾ എടുത്തുമാറ്റി കിടക്കകൾ പോലുള്ള സൗകര്യം ചെയ്യാനും അനുവാദമില്ല.
• മിറർ നീക്കംചെയ്യുക, അംഗീകാരമില്ലാത്ത ഹോൺ, ഹാൻഡിലിൽ മാറ്റംവരുത്തുക, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ്, സാരിഗാർഡ് തുടങ്ങിയവ ഇല്ലാതിരിക്കുക എന്നിവയ്ക്കും പിടിവീഴാം.
പിഴയിങ്ങനെ
• രൂപമാറ്റം വരുത്തിയാൽ 5,000
• ലൈസൻസ് ഇല്ലാത്തവർ 10,000
• നമ്പർപ്ലേറ്റ് ക്രമക്കേട് 2,000 മുതൽ 5,000 വരെ
• ഇൻഷുറൻസ് 2000
• അമിതവേഗം 1500 മുതൽ 5,000 വരെ
• റേസിങ് നടത്തിയാൽ 5,000 രൂപ
• വാഹനങ്ങളിലെ അമിതശബ്ദം 2000 രൂപ
• ഫോൺ ഉപയോഗിച്ച് യാത്ര 2000 രൂപ
• ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് 500
