ബസിൽ കളഞ്ഞുകിട്ടിയ പണം തിരികെ ഏല്പിച്ച് ബസ് ജീവനക്കാർ
മുണ്ടക്കയം: 15,000 രൂപ അടങ്ങിയ പഴ്സ് വയോധികയ്ക്ക് തിരികെ നൽകി ബസ് ജീവനക്കാർ. മുണ്ടക്കയം-ചങ്ങനാശ്ശേരി പാതയിൽ ഓടുന്ന ആരാധന ബസ് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴാണ് ബസിന്റെ സീറ്റിൽ നിന്നും കണ്ടക്ടർക്ക് പഴ്സ് ലഭിച്ചത്.
15,000 രൂപയും ഒരു മൊബൈൽ നമ്പറും മാത്രമാണ് പഴ്സിൽ ഉണ്ടായിരുന്നത്. ചേനപ്പാടി സ്വദേശികളായ കണ്ടക്ടർ രതീഷ്, ഡ്രൈവർ അജാസ് എന്നിവർ ബസ് ഉടമ രാജീവിനെ വിവരം അറിയിച്ചു. പഴ്സ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നൽകാൻ തീരുമാനിച്ചു. ഇതിനിടെ പണം നഷ്ടപ്പെട്ട വിവരം ബസ്സ്റ്റാൻഡിലെ അനൗൺസ്മെന്റ് നടത്തിപ്പുകാരനെ പുഞ്ചവയൽ സ്വദേശിനിയായ വയോധിക അറിയിച്ചു. ഉടമ മുണ്ടക്കയത്ത് കാത്ത് നിൽക്കുന്ന വിവരമറിഞ്ഞതിനാൽ പണം പോലീസിൽ നൽകാതെ തിരികെ കൊണ്ടുവന്നു. മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയപ്പോൾ ജീവനക്കാർ വയോധികയ്ക്ക് നേരിട്ട് പണം കൈമാറുകയുമായിരുന്നു.
