ഭർത്താവ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി
ചെറുവള്ളി: ഭർത്താവ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കുടുംബശ്രീ സെക്രട്ടറിയായ ഭാര്യയെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചിറക്കടവ് 10-ാംവാർഡിലെ കുടുംബശ്രീ സെക്രട്ടറി വെട്ടുകാട്ട് പുത്തൻപറമ്പിൽ ഷൈലയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്.
ഭർത്താവ് കോവിഡ് പോസിറ്റീവായ ദിവസം ഇവരുടെ വീട്ടിൽ കുടുംബശ്രീ യോഗം ചേർന്നതുസംബന്ധിച്ച് മണിമല പോലീസ് അന്വേഷണത്തിനെത്തിയിരുന്നു. ഭർത്താവ് പനിബാധിതനായിരിക്കെ വീട്ടിൽ യോഗം ചേർന്നതിനാൽ പങ്കെടുത്തവർ ക്വാറന്റീനിലാവണമെന്നും ആരെങ്കിലും പുറത്തിറങ്ങിയാൽ നിങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നൽകിയത്. ഭർത്താവ് ജോൺ തോമസ് പനി ബാധിച്ച് വീട്ടിൽ കഴിയുമ്പോൾ ഞായറാഴ്ച 12 അംഗങ്ങളുടെ കുടുംബശ്രീ യോഗം നടന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെയെല്ലാം വിവരം ശേഖരിക്കുകയും ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു.
