KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സമ്പൂർണ വാക്‌സിനേഷനിലേക്ക് വാഴൂർ പഞ്ചായത്ത്

 

വാഴൂർ: ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വാക്‌സിൻ വിതരണത്തിൽ ഒന്നാമതെത്താൻ വാഴൂർ ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ 95 ശതമാനത്തോളം പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകാൻ കഴിഞ്ഞുവെന്നാണ് പഞ്ചായത്തിന്റെ ഔദ്യോഗിക കണക്ക്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 21980 പേരിൽ സ്ഥലത്തുള്ള 95 ശതമാനത്തോളം പേർക്കും വാക്‌സിൻ ലഭ്യമാക്കി. ഇതിന് പുറമേ പഞ്ചായത്ത് പരിധിയിൽ ജോലിചെയ്യുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികൾക്കും വാക്‌സിൻ നൽകി. നിലവിൽ വാക്‌സിനേഷൻ ഇപ്പോൾ ആവശ്യമില്ലെന്ന് പറഞ്ഞവർക്കും കോവിഡ് പോസിറ്റീവായി 100 ദിവസം പിന്നിടാത്തവർക്കും മാത്രമാണ് വാക്‌സിൽ നൽകാത്തത്. 84 ദിവസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാക്കിയതും നേട്ടമാണ്.

ചിട്ടയായ പ്രവർത്തനത്തിലൂടെ 

കുടുംബാരോഗ്യകേന്ദ്രം, ആശാപ്രവർത്തകർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് നേട്ടം കൈവരിച്ചതിന് പിന്നിൽ. രോഗികൾക്ക് വാക്‌സിൻ നൽകുന്നതിന് നിലവിലുള്ള പാലിയേറ്റീവ് വിഭാഗത്തിന് പുറമേ ആരോഗ്യകേന്ദ്രത്തിൽനിന്നു പ്രത്യേകസംഘത്തെ പഞ്ചായത്ത് സഹായത്തോടെ കുടുംബാരോഗ്യകേന്ദ്രം നിയോഗിച്ചു. കൃത്യമായ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയതും, ആരോഗ്യപ്രശ്‌നമുള്ളവരെ ക്യാമ്പിലെത്തിക്കാതെ തന്നെ വാക്‌സിൻ നൽകുന്നതടക്കം നിരവധി ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. 

ഇനിയും വാക്‌സിൻ കിട്ടാത്തവരുണ്ടെങ്കിൽ കുടുംബാരോഗ്യകേന്ദ്രവുമായോ, ആശാപ്രവർത്തകരുമായോ അടിയന്തരമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അറിയിച്ചു.

error: Content is protected !!