KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്തംഗം തീവണ്ടിയിൽ കുഴഞ്ഞുവീണു

തീവണ്ടിയാത്രക്കിടെ കുഴഞ്ഞുവീണ പഞ്ചായത്തംഗത്തിന് പോലീസിന്റെ സമയോചിതമായ ഇടപെടൽ രക്ഷയായി. എരുമേലി ഗ്രാമപ്പഞ്ചായത്തംഗം കോട്ടയം എരുമേലി പ്രപ്പോസ് ഇലവുങ്കൽ ഇ.ജെ. ബിനോയിയാണ്‌ (48) തീവണ്ടിയിൽ കുഴഞ്ഞുവീണത്. രാവിലെ പത്തരയോടെ ശബരി എക്സ്‌പ്രസ്‌ ഷൊർണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. 

സഹയാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിന്ന പോലീസുകാരെ അറിയിച്ചു. ഉടൻ ചക്രക്കസേരയെത്തിച്ച് റെയിൽവേ ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതമാണെന്ന് അറിയിച്ച ആശുപത്രി അധികൃതർ ബിനോയിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായ ബിനോയ് സുഖംപ്രാപിച്ചതായി ബന്ധുക്കൾ റെയിൽവേ പോലീസിനെ അറിയിച്ചു. 

ഹൈദരാബാദിൽ ഗ്രാനൈറ്റ് വാങ്ങുന്നതിനായി പോയി മടങ്ങിവരികയായിരുന്നു ബിനോയിയും ഭാര്യ റെനിയും. ഷൊർണൂർ സ്റ്റേഷനിലെത്തിയപ്പോൾ കുഴഞ്ഞുവീണ ബിനോയിക്ക് നഴ്‌സായ റെനി പ്രാഥമികചികിത്സ നൽകിയിരുന്നു. ഇതിനിടെയാണ് സഹയാത്രികർ പോലീസിനെ അറിയിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!