ഇളങ്ങുളം ശാസ്താക്ഷേത്ര ശ്രീകോവിൽ മേൽക്കൂരയുടെ നിർമാണം തുടങ്ങി

ഇളങ്ങുളം ശാസ്താക്ഷേത്ര ശ്രീകോവിലിന്റെ പുനർനിർമാണം തുടങ്ങിയപ്പോൾ 

ഇളങ്ങുളം: ധർമശാസ്താ ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ മേൽക്കൂരയുടെ പുനർനിർമാണം തുടങ്ങി. 800 വർഷത്തിലേറെ പഴക്കമുള്ള ശ്രീകോവിലിന്റെ കരിങ്കല്ലിലുള്ള പഞ്ച വർഗത്തറയും കരിങ്കൽഭിത്തിയും നിലനിർത്തിയാണ് നിർമാണം. അതിനാൽ ചുറ്റളവ് കണക്കിൽ വ്യതാസം വരുകയില്ല. 

ആഞ്ഞിലിത്തടിയിൽ പണിത 20 കഴുക്കോലാണ് പുതിയ മേൽക്കൂരയിൽ സ്ഥാപിക്കുന്നത്. ഏറ്റവും മുകളിലെ കൂടം, മോന്തായം ഇവകളിൽ ഘടിപ്പിച്ച് ഭിത്തിക്കുമുകളിൽ സ്ഥാപിച്ച ഉത്തരം അടുക്കുത്തരം, ചുഴിക എന്നിവയിൽ കഴുക്കോലുകൾ ഉറപ്പിച്ചാണ് മേൽക്കൂര നിർമാണം. മുഖപ്പും പുതുക്കിപ്പണിയും. ശ്രീകോവിലിനകത്തെ മച്ച് നിലവിലുള്ളതിനെക്കാൾ ഉയർത്തും. ഒരു മാസത്തിനകം മേൽക്കൂരനിർമാണവും ചെമ്പുപാളി പാകലും പൂർത്തീകരിക്കുമെന്ന് ദേവസ്വംപ്രസിഡന്റ് അഡ്വ.കെ.വിനോദും സെക്രട്ടറി സുനിൽ കാഞ്ഞിരമുറ്റവും പറഞ്ഞു. 

ചന്തിരൂർ കർമ്മാലയം മോഹനനാചരിയുടെ നേതൃത്വത്തിൽ അനുജൻ പ്രകാശനാചാരി, മകൻ ശ്രീകർമ മോഹൻ, പങ്കജാക്ഷനാചാരി, സുധനാചാരി, രാധാകൃഷ്ണനാചാരി തുടങ്ങിയവരാണ് നിർമാണം നടത്തുന്നത്. 

മൂന്നുകോടിയോളം രൂപ മുടക്കി കല്ലിലും തടിയിലുമായി ചുറ്റമ്പലനിർമാണം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ മേൽക്കൂരയിൽ ചെമ്പുപാകൽ നടന്നുവരുകയാണ്.

ഏഴ് താഴികക്കുടം, ഏഴ് മുഖപ്പ്, ആരക്കാലിൽ തീർത്ത ബലിക്കൽപ്പുര കൊട്ടിലും തുടങ്ങി പഴമ നിലനിർത്തിയാണ് പുനരുദ്ധാരണം. 

ശ്രീകോവിലിനു മുമ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നമസ്‌കാരമണ്ഡപം നിലനിർത്തും. ഉപദേവാലയങ്ങളും മഹാക്ഷേത്രങ്ങളിലെ പോലെ ആനപ്പള്ളരൂപത്തിൽ ചുറ്റുമതിലും നിർമിക്കുന്നുണ്ടെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!