ജീവനക്കാരില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കോവിഡ് പ്രതിരോധം താളംതെറ്റുന്നു

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷൻ കോവിഡ് ബ്രിഗേഡായി നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കോവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നു.

ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെ ആശുപത്രിയിലെ സേവനങ്ങൾ വെട്ടിച്ചുരുക്കേണ്ട സ്ഥിതിയിലാണ്. എൻ.എച്ച്.എം.വഴി നിയമിച്ച 50-ഓളം ജീവനക്കാരെ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.

കോവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിച്ചിരുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ജോലി നഷ്ടമായത്. ഇതോടെ, ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന പനി ക്ലിനിക്ക് അടച്ചു.

രാത്രിയും പകലുമായി പ്രവർത്തിച്ചിരുന്ന എക്സ് റേ ലാബിന്റെ പ്രവർത്തനം പകൽമാത്രമായി ചുരുങ്ങി. പനി, ശരീരവേദന, ജലദോഷം തുടങ്ങി കോവിഡ് ലക്ഷണങ്ങളുമായി വരുന്നവരെ ചികിത്സിച്ചിരുന്ന പനിക്ലിനിക്കും അടച്ചു. ആശുപത്രിയിൽ നടത്തിയിരുന്ന കോവിഡ് ട്രൂനാറ്റ് പരിശോധന ഉച്ചവരെ മാത്രമാക്കി ചുരുക്കി.

മുമ്പ്‌ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സി. വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. നഴ്‌സുമാർ അടക്കമുള്ള ചുരുക്കം ചിലർ ശമ്പളമില്ലാതെ വൊളന്ററിയായി പ്രവർത്തിക്കുന്നതിനാലാണ് ഐസൊലേഷൻ അടക്കമുള്ളവ പ്രവർത്തിക്കുന്നത്.

ദിവസേന 1000 മുതൽ 1500 വരെ രോഗികൾ ഒ.പി. വിഭാഗത്തിലെത്തുന്നുണ്ട്.

error: Content is protected !!