ബി.എസ്.എൻ.എൽ. ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി
കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ ബി.എസ്.എൻ.എൽ. ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറം സ്വദേശി അരുൺ പ്രകാശ് എന്നയാളാണ് ബി.എസ്.എൻ.എൽ. കസ്റ്റമർ കെയർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ആരും ജോലിക്ക് വിളിക്കുന്നില്ലെന്നും, കൈവശം പണമില്ലെന്നും പറഞ്ഞായിരുന്നു യുവാവ് ടവറിൽ മുകളിൽ കയറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
യുവാവ് ബഹളംവെച്ചതോടെ ബി.എസ്.എൻ.എൽ. ഓഫീസിലെ ജീവനക്കാരാണ് സംഭവമറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. യുവാവ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. യുവാവിനെ തമ്പലക്കാട് പെനുവേൽ ആശ്രമത്തിൽ ആക്കിയിരിക്കുകയാണ് പോലീസ്.