എരുമേലി പില്‍ഗ്രിം സെന്ററിന്റെ നവീകരണം ഉദ്ഘാടനം ചെയ്തു.
എരുമേലി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ എരുമേലി കൊരട്ടി പാലത്തിനു സമീപം സ്ഥിതിചെയ്യുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിൽ തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപൂലീകരിക്കുന്നതിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സെന്ററിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
ടൂറിസം വകുപ്പിന്റെ അംഗീകാരം നേടിയെടുത്ത പദ്ധതിയിലൂടെ 1.65 കോടി രൂപയുടെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് പില്‍ഗ്രിം അമിനിറ്റി സെന്ററില്‍ നടപ്പിലാക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന സെന്ററിലെ കെട്ടിടങ്ങളുടെയും റോഡിന്റെയും പുനര്‍നിര്‍മ്മാണമടക്കം 99,95,000 രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2022ല്‍ പൂര്‍ത്തിയാക്കിയിരുന്നെന്ന് എംഎല്‍എ പറഞ്ഞു. ടോയ്‌ലറ്റുകളുടെയും ഡോര്‍മിറ്ററികളുടെയും നവീകരണമാണ് രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നത്. അമിനിറ്റി സെന്ററില്‍ എട്ടു മുറികളുള്ള മെയിന്‍ ബ്ലോക്ക്, ഡോര്‍മിറ്ററികള്‍, കാന്റീന്‍ ബ്ലോക്ക്, മിനി ഹാള്‍, ഓപ്പണ്‍ ബാത്ത്, ടോയ്‌ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ശബരിമല തീര്‍ഥാടകര്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുള്ളത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍, വൈസ് പ്രസിഡന്റ് സാറാമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.ജി. സുര്യകല, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.എച്ച്. നാസറുദ്ദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്ണ്‍ ഷെമീന ലത്തീഫ്, തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
