അടുപ്പിൽ നിന്ന് റബ്ബർ ഷീറ്റിന് തീപിടിച്ച് വീട് കത്തിനശിച്ചു
പൊൻകുന്നം: അടുക്കളഭാഗത്ത് ഉണങ്ങാനിട്ട റബ്ബർ ഷീറ്റിൽ അടുപ്പിൽ നിന്ന് തീ പിടിക്കുകയും തുടർന്ന് വീട് കത്തി നശിക്കുകയും ചെയ്തു. ആനക്കയം ഷാപ്പിന് സമീപതാണ് സംഭവം നടന്നത് . വീട് പൂർണ്ണമായും കത്തി നശിച്ചു. കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടിനാണ് തീ പിടിച്ചത്. ആളപായമില്ല. തനിച്ചു താമസിച്ചിരുന്ന ഇദ്ദേഹം തീപിടുത്തം ഉണ്ടാകുന്ന സമയത്ത് വീടിന് പുറത്തായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്.
റബ്ബർ ഷീറ്റ് ഉണക്കാൻ പുകയിട്ടതിന് പിന്നാലെയാണ് തീ കയറി പിടിച്ചത്. കാഞ്ഞിരപ്പള്ളി നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ ,പഞ്ചായത്തംഗങ്ങളായ പി.മോഹൻ കുമാർ, കെ.കെ.സന്തോഷ് കുമാർ, ബി.ഗൗതം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
