KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പാവാലിയിൽ നിന്നും കാണാതായ സിൽബിയെ കാശ്മീരിൽ കണ്ടെത്തി. അന്വേഷണ മികവിൽ കേരളാ പോലീസിന് ഇത് അഭിമാന നിമിഷം.

കണമല : അന്വേഷണ മികവിൽ പോലീസിന് ഇത് അഭിമാന ചരിത്രം.നല്ല ജോലി കിട്ടാത്ത വിഷമത്തിൽ പമ്പാവാലിയിൽ നിന്നും പുറപ്പെട്ടുപോയ  സിൽബിയെ, സഹസികമായ അന്വേഷണത്തിനൊടുവിൽ കാശ്മീരിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.

നല്ല ജോലി കിട്ടാത്ത സങ്കടം സിൽബി എന്ന യുവാവിനെ കൊണ്ടെത്തിച്ചത്  പമ്പാവാലിയിൽ നിന്ന് ഇന്ത്യയുടെ അങ്ങേ അറ്റത്ത് കാശ്മീരിൽ. ഒന്നും പറയാതെ നാടുവിട്ട മകനെ കിട്ടാൻ സങ്കടം ഉരുക്കി കരഞ്ഞ മാതാപിതാക്കൾക്ക് മുന്നിലേക്ക് സിൽബിയെ കണ്ടെത്തി കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.  കേരള പോലിസ്.
അന്വേഷണ മികവിൽ പോലീസിന് ഇത് അഭിമാന ചരിത്രം.  ഞായറാഴ്ച  സിൽബിയുമായി പോലിസ് എത്തുന്നത് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് മാതാപിതാക്കൾ.
തുലാപ്പള്ളി പുളിയ്ക്കൽ ബിനോയിയുടെ മകൻ ജോസഫൈൻ എന്ന 23 കാരനായ സിൽബി ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ ആണ് വീട്ടിൽ നിന്നും പിതാവിന്റെ കെ എൽ 34 എ 4768 ആൾട്ടോ കാർ ഓടിച്ചു പുറത്തു പോയത്. അതിന് ശേഷം ഒരു വിവരവുമില്ലായിരുന്നു. രാത്രി വൈകിയിട്ടും മകൻ തിരിച്ചു വരാഞ്ഞതോടെ ആധിയിലായ മാതാപിതാക്കളെ മുൻ വാർഡ് അംഗം സിബി എത്തി ആശ്വസിപ്പിച്ചു. വിവരം അപ്പോൾ തന്നെ പമ്പ പോലിസ് സ്റ്റേഷനിൽ പരാതി നൽകി.

ഗൗരവമായ അന്വേഷണം വേണമെന്ന് ഡിവൈഎസ്പി യെയും  പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയെയും അറിയിച്ചതോടെ അനുമതി കിട്ടിയതോടെ തുലാപ്പള്ളി, കണമല, എരുമേലി എന്നിവിടങ്ങളിൽ സിസി ക്യാമറകൾ പോലീസിലെ ഒരു ടീം പരിശോധിച്ചു. മറ്റൊരു ടീം ജോസഫൈൻന്റെ  മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ടു. ഒപ്പം സൈബർ സെല്ലിന്റെ സഹായവും തേടി. ഫോൺ ഇല്ലാതെ നാടുവിട്ടത് മൂലം  കണ്ടെത്താൻ താമസം ആകുമെന്ന്  സൈബർ സെൽ അറിയിച്ചു.

ജോസഫൈൻ ഓടിച്ചു കൊണ്ടുപോയ ആൾട്ടോ കാറിനെ പിന്തുടരുന്നതിന് പോലിസ് വിവരങ്ങൾ തേടി. 25 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവ് ചെയ്താൽ മകന് മസിൽ വേദന മൂലം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പിതാവ് അറിയിച്ചത് മുൻനിർത്തി വാഹനം കേരളത്തിൽ എവിടെ ഉണ്ടാകും എന്നായിരുന്നു  പോലിസ് അന്വേഷണം തുടർന്നത്. ഇതിനിടെ നിർണായക സൂചന പോലീസിന് കിട്ടി. ജോസഫൈൻ  ഡിണ്ടിഗൽ കടന്നു എന്നായിരുന്നു സംശയകരമായ ആ വിവരം. തുടർന്ന് ദില്ലിയിൽ എത്തി പഞ്ചാബിലൂടെ യാത്ര തുടരുന്നു എന്ന് വിവരം കിട്ടിയതോടെ പോലിസ് ടീം വിമാനത്തിൽ ദില്ലിയിൽ എത്തുകയും ജോസഫൈൻ   കാശ്മീരിൽ എത്തിയെന്ന് അറിയുമ്പോൾ അവിടേക്ക് പോലിസ് ടീം എത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ഏറെ സാഹസികവും തടസങ്ങളും ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിട്ട ആ അന്വേഷണം ആണ് ഒടുവിൽ ജോസഫൈനെ കണ്ടെത്തിയതിൽ എത്തി ഇപ്പോൾ നാട്ടിലേക്കുള്ള യാത്രയിൽ ആയിരിക്കുന്നത്.
ജോസഫൈനു (സിൽബി) മായി  പോലിസ് ടീം വീഡിയോ കോൾ ചെയ്ത് മാതാപിതാക്കളോട് സംസാരിച്ചിരുന്നു. കാണാതായ മകനെ അങ്ങകലെ ദൂരങ്ങളിൽ നിന്നും തേടിപ്പിടിച്ച പോലിസ് ടീമിനെ മാതാപിതാക്കൾ കണ്ണുനീർ നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയും ജോസഫൈനുമായി സംസാരിക്കുകയും ചെയ്തു. ട്രയിൻ മാർഗം നാളെ കോട്ടയം എത്തി പമ്പ പോലിസ് സ്റ്റേഷനിൽ എത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലിസ് പറഞ്ഞു.

തിരോധാനത്തിന് രജിസ്റ്റർ ചെയ്ത കേസ് പ്രകാരം റാന്നി കോടതിയിൽ ജോസഫൈനെ ഹാജരാക്കാനാണ് തീരുമാനം. തുടർന്ന് കോടതിയിൽ നിന്നുള്ള നിർദേശപ്രകാരം മാതാപിതാക്കൾക്ക് ജോസഫൈനെ വീട്ടിൽ കൊണ്ടുപോകാം. കേസിന്റെ അന്വേഷണത്തിൽ പോലീസിന് എതിരെ അന്വേഷണം കാര്യക്ഷമമല്ലന്നുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അന്വേഷണ മികവിൽ തിരുത്തിയിരിക്കുകയാണ് അഭിമാനം പകർന്ന അന്വേഷണത്തിലൂടെ പോലിസ്. . ബിബിഎ ബിരുദമുള്ള ജോസഫൈൻ ജോലി കിട്ടാതെ ഏറെ വിഷമിച്ചിരുന്നു. പൊട്ടിപ്പോയ മൊബൈൽ ഫോൺ മാറാൻ പിതാവ് നൽകിയ അയ്യായിരം രൂപയുമയാണ് കാറിൽ വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ ജോലി ആയ ശേഷം തിരിച്ചു വരണമെന്ന് കരുതി ആ യാത്ര നീണ്ടുപോയെന്ന് വ്യസനത്തോടെ പിതാവ് ബിനോയ്‌ പറഞ്ഞു.

error: Content is protected !!