രാഹുൽ ഗാന്ധി കുട്ടിക്കാനം മരിയൻ കോളേജിൽ. ഗംഭീര വരവേൽപ്പ് നൽകി ആദരിച്ചു.
കുട്ടിക്കാനം : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചയ്ക്ക് ഒന്നരയോട് കൂടി കുട്ടിക്കാനത്ത് എത്തിയ രാഹുൽ ഗാന്ധി മൂന്നു മണിക്കൂറിലധികം ക്യാമ്പസിൽ ചെലവഴിച്ചു.
ചർച്ചകൾക്ക് അനുബന്ധമായി മരിയൻ കോളേജ് വിദ്യാർത്ഥിനിയായ ദിനശ്രീ എം നടത്തിയ അഭ്യർത്ഥനപ്രകാരം രാഹുൽ ഗാന്ധി കളരി അഭ്യാസത്തിൽ പങ്കുചേർന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ വിഷയങ്ങൾ കുട്ടികളുമായി നടത്തിയ സംവാദത്തിൽ ചർച്ച ചെയ്യപ്പെട്ടു. വിവാദപരമായ കേരള സ്റ്റോറി സിനിമ, ഇറാൻ അമേരിക്ക യുദ്ധം, നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ, ഇന്ത്യ എന്ന ഡാറ്റ കമ്പോളത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ കുട്ടികൾ ചോദ്യങ്ങൾ ഉന്നയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
കുട്ടികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സന്ദർശനത്തിന്റെ സ്മരണാർത്ഥം ക്യാമ്പസിനുള്ളിൽ വൃക്ഷത്തൈ നട്ടു. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കോളേജ് മാനേജരും രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുമായി ചർച്ചകൾ നടത്തി. കോളേജിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച രാഹുൽ ഗാന്ധി വിമൻസ് ഡേയോട് ബന്ധപ്പെട്ട തന്റെ ആശയങ്ങൾ പങ്കുവയ്ക്കുകയും കോളേജ് ജീവനക്കാരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്തു.
സമ്മേളനത്തിന് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു കെ എസ് സ്വാഗതവും യൂണിയൻ ചെയർപേഴ്സൺ അഷിത ചാക്കോ നന്ദിയും അർപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറിയും പാർലമെൻറ് അംഗവുമായ കെ സി വേണുഗോപാൽ, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
