ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഇരുനൂറോളം പന്നികളെ കൊന്നൊടുക്കി.
കാഞ്ഞിരപ്പള്ളി : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ 195 പന്നികളെ കൊന്നൊടുക്കി . കാഞ്ഞിരപ്പള്ളി കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഏതാനും പന്നികൾക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പന്നികൾ ചത്തതോടെ , സുരക്ഷക്കായി പന്നി ഫാമിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടുക്കിയത്.
കഴിഞ്ഞ 21-നാണ് ആദ്യം ഇവിടെയുള്ള പന്നികളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
