കൂട്ടിക്കൽ വിസ തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ ; ഉടമ ഒളിവിൽ ..
മുണ്ടക്കയം : വിസ തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി അടച്ചുപൂട്ടിയ സംഭവത്തിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥ ലങ്ങളിൽനിന്ന് നിരവധി പേരാണ് വ്യാഴാഴ്ച പരാതിയുമായെത്തിയത്. വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങിയ സംഭവത്തിൽ കൂട്ടിക്കൽ ഓർക്കിഡ് കൺസൽട്ടൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മറിനെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് ലഭിച്ചത്. ആറു മാസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നു വിശ്വസിപ്പിച്ച് അഞ്ചു മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് കേസ്. . പണം നഷ്ടമായവർ ചേർന്ന് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ 100ൽ അധികം ആളുകൾ അംഗങ്ങൾ ആയിട്ടുണ്ട്. ഇന്നലെ 15 കേസുകളാണ് റജിസ്റ്റർ ചെയ്തത്. അനീഷിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
പത്തു വർഷത്തിലധികമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിക്കു ഒരു ലൈസൻസുമില്ലായിരുന്നു. വിസ വ്യാപാരം നടത്തുന്നതിന് കേന്ദ്ര വിദേശ, തൊഴിൽ മന്ത്രാലയങ്ങളുടെ ലൈസൻസ് വേണമെന്നിരിക്കെ ആകെ ഉണ്ടായിരുന്നത് ചെറുകിട സംരംഭങ്ങൾക്കുള്ള ഉദ്യം രജിസ്ട്രേഷനായിരുന്നു. കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസ് വളപ്പിനോട് ചേർന്നു പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ പഞ്ചായത്ത് ലൈസൻസ് 2025 മാർച്ചിൽ കാലാവധി കഴിഞ്ഞതാണ്. ഇതൊന്നുമറിയാതെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തി ലക്ഷക്കണക്കിനുരൂപ നൽകി വിസക്കു കാത്തിരുന്നവർ നിരവധിയാണ്.
ഓർക്കിഡ് കൺസൽട്ടൻസി കൂടാതെ പാലക്കുന്നേൽ പ്രൈവറ്റ്ലിമിറ്റഡ് എന്ന പേരിൽ അനീഷ് ഉമ്മറും ഇയാളുടെ മാനേജറായി പ്രവർത്തിച്ചുവന്ന സുധീഷ് സുരേന്ദ്രനും ചേർന്നു മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്താണ് പണം വാങ്ങിയി രുന്നത്. 2022 ഡിസംബറിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ഏജൻസിയിലെ വനിത ജീവനക്കാരിയടക്കം നാലുപേർ ചേർന്നു മറ്റൊരൂ കമ്പനിയും രജിസ്റ്റർ ചെയ്തി ട്ടുണ്ട്. എസ്.ബി.ഐ ജങ്ഷനി
ലെ മാതാ ബിൽഡിങ്ങിലെ കെട്ടിട നമ്പർ നൽകിയാണ് രജിസ്ട്രേഷനുകൾ നടത്തിയത്.
ചാരിറ്റിയടക്കം വിവിധ സാമൂഹിക സേവന കാര്യങ്ങളിൽ സജീവമായിരുന്ന അനീഷ് ഉമ്മറിന്റെ സ്ഥാപനത്തിൽ നടക്കുന്ന മിക്ക പരിപാടികളിലും പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ, മത നേതാക്കളും മുഖ്യാതിഥി കളായിരുന്നു എന്നതിനാൽ ജനങ്ങൾക്ക് സംശയം തോന്നിയിരുന്നില്ല .
