ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനം.
പാറത്തോട്: കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കർഷക പ്രസ്ഥാനമായി ഇൻഫാം വളർന്നതിന്റെ കാരണം നാം ഒരുമിച്ചു നില്‍ക്കുന്നു എന്നുള്ളതാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ . ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, കാർഷിക മേഖലയുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണ്. ഒരുമിച്ചു മുന്നേറിയില്ലെങ്കില്‍ അവഗണിക്കപ്പെടുന്ന ശബ്ദമായി കര്‍ഷക സമൂഹം പുറന്തള്ളപ്പെടുമെന്നും
സംഘടിത ശക്തി വിവിധ മേഖലകളില്‍ നമ്മള്‍ പ്രകടിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റാരുമില്ലെങ്കിലും ഇന്‍ഫാം കര്‍ഷകരോടൊപ്പമുണ്ടാകുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ധീരരായ കര്‍ഷകസുഹൃത്തുകള്‍ ഒരുമിച്ചു നിന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. അവരെക്കൊണ്ട് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ കഴിയണം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫാമിന്റെ 100 ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും ഇതിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത് കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രസ്ഥാനമാണെന്ന് ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അതാത് ഭരണകര്‍ത്താക്കളുടെ മുമ്പില്‍ എത്തിക്കാന്‍ ഇന്‍ഫാമിനാകുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ തന്നെയാണെന്ന തിരിച്ചറിവില്‍ മറ്റാരെയും കാത്തുനില്‍ക്കാതെ അധ്വാനത്തിന്റെ മഹനീയ മാതൃക മുന്നോട്ടുവയ്ക്കുന്നവരാണ് കര്‍ഷകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്‌കരിച്ച ‘വിത്തു കൊട്ട’ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശ്ശേരി, തലശ്ശേരി, കണ്ണൂര്‍ കാര്‍ഷികജില്ലകള്‍ക്ക് വിതരണം ചെയ്തു. ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ളവര്‍, വഴുതന, മുളക് എന്നിവയുടെ ഉല്‍പ്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകളാണ് ഇന്‍ഫാം അംഗങ്ങളായ 25000 കര്‍ഷകര്‍ക്ക് നല്‍
കുന്നത്.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് വിതരണം, ധരണീ സമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന്‍ പിണ്ണാക്ക് വിതരണം, ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും, വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും, കാര്‍ഷിക വന നശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും, കാര്‍ഷിക വനവത്കരണത്തിനായി ‘ഒരു തൈ നടീല്‍’ പരിപാടിയും ‘ഇടവിള കൃഷി’ പ്രോത്സാഹന പദ്ധതിയും, ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്‍ഗമനത്തിനുമെതിരേ ‘വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ’ തുടങ്ങി വിപുലമായ പരിപാടികളാണ് ഇന്‍ഫാം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
