ഡോ.എം.കെ.ജയിംസ് മൂലേപ്ലാക്കൽ അന്തരിച്ചു.
കാഞ്ഞിരപ്പള്ളി : കേരളത്തിലെ ആദ്യകാല ഡെന്റൽ സർജന്മാരിൽ ഒരാളും ഡെന്റൽ അസോസിയേഷൻ കേരള ആദ്യ പ്രസിഡന്റുമായ മണിമല ചെറുവള്ളി മൂലേപ്ലാക്കൽ ഡോ.എം.കെ. ജയിംസ് (93) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജവാഹർ നഗർ മേത്തർ എൽ കാസ്റ്റിലോ ഫ്ലാറ്റിൽ ശുശ്രൂഷകൾക്കു ശേഷം എറണാകുളം , എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ . മുൻ ഡിജിപി പരേതനായ എം.കെ.ജോസഫിന്റെ സഹോദരനാണ് ഡോ.എം.കെ.ജയിംസ്.
മുംബൈ നായർ ഹോസ്പിറ്റൽ ഡെന്റൽ കോളജിൽ നിന്നു ബിരുദം നേടി ജർമനിയിലെ ബോണിലും ഓസ്ട്രിയയിലെ വിയന്നയിലും ഉപരി പഠനത്തിനു ശേഷമാണു കേരളത്തിൽ സേവനത്തിനെത്തിയത്. ദീർഘകാലം ലിസി ആശുപത്രിയിൽ ഡെന്റൽ സർജനായിരുന്നു. 1969ൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരള ശാഖ ആരംഭിക്കുമ്പോൾ ആദ്യ പ്രസിഡന്റായി. ബോണിലെ ഇന്ത്യൻ അസോസിയേഷൻ, കൊച്ചി ഡെന്റൽ സൊസൈറ്റി, കേരള ഡെന്റൽ ജേണൽ എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു. കേരള ഡെന്റൽ കൗൺസിലിന്റെ ആദ്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു.
മലയാളത്തിൽ രൂപാന്തരം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഓൾ എബൗട്ട് ഡെന്റൽ കെയർ എന്ന പുസ്തകവും എഴുതി. ഇംഗ്ലിഷ്- മലയാളം പ്രാക്ടിക്കൽ നിഘണ്ടു തയാറാക്കിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. ഒട്ടേറെ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി.
ഭാര്യ : പരേതയായ മറിയമ്മ., കാഞ്ഞിരപ്പള്ളി പൊട്ടൻകുളം കുടുംബാംഗം. മക്കൾ: കുര്യൻ (എം ഡി ഐബ്രിജ് ഫിൻടെക്, ദുബായ്), ഡോ.ഏബ്രഹാം (ഡോ.ജയിംസ് ഡെന്റൽ ക്ലിനിക്) മരുമക്കൾ: മീറ കൊല്ലംകുളം, സുനു അക്കര .
സഹോദരങ്ങൾ: മുൻ ഡിജിപി പരേതനായ എം.കെ.ജോസഫ്, ലില്ലി ജോർജ്, ടോമി കുര്യാക്കോസ് (മുൻ ഡിജിഎം ഐഒസി) എൽസി ദേവസ്യ, എം.കെ.ആന്റ ണി (റിട്ട. മാനേജർ, എൻ ആർഐ ഇൻവെസ്റ്റ്മെന്റ്സ്, ബാങ്ക് ഓഫ് ബഹ്റൈൻ ആൻ ഡ് കുവൈത്ത്), എം.കെ. ജോർജ് (സിജിഎം അഹല്യ ഫിൻടെക്, കൊച്ചി).
