KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരണപ്പെട്ട അമ്മയ്ക്കും മകനും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.

പൂഞ്ഞാർ : പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട്ട് വീട്ടിൽ റെജീന ജോണി, മകൻ ജോസഫൈൻ ജോണി എന്നിവരുടെ സംസ്കാരം ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ ആണ് സംസ്കാരം നടത്തിയത്. അവരുടെ മൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്‌റ്യൻ എം.എൽ.എ. മുതലായവർ അന്തിമോപചാരം അർപ്പിച്ചു. ബന്ധുക്കളും , നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ, അവർ താമസിച്ചിരുന്ന പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടൻപ്ലാവിലെ വീടിനോട് ചേർന്ന് പിൻഭാഗത്തുള്ള വലിയ കുന്നിന്റെ മുകൾഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. കുതിച്ചെത്തിയ ഉരുളിൽ വീട് നിമിഷങ്ങൾക്കുള്ളിൽ തകർന്നു. ശബ്ദം കേട്ട് സമീപവാസികൾ എത്തിയെങ്കിലും ഇരുട്ടായതിനാൽ ഒന്നും കാണാൻ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു. രാവിലെ ഏഴിനാണ് ജോസഫിൻ ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയിൽനിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.

പയ്യാനിത്തോട്ടം ഹോളി സ്‌പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫൈൻ ഭരണങ്ങാനം ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്. റെജീനയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകൾ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങൾക്കായി ഇളയമകൾ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.

ബൈക്ക് അപകടത്തിൽ കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ട് കിടപ്പിലായിരുന്നു ജോസഫൈൻ. അതിനാൽ തന്നെ പക്ഷേ, രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താൻ, അപകടത്തിൽ കാലൊടിഞ്ഞു കിടപ്പിലായിരുന്ന ജോസഫൈന് കഴിഞ്ഞിരിക്കില്ല. ഇന്നലെ പുലർച്ചെ 2.30ന് ഇരച്ചെത്തിയ ദുരന്തത്തിനു മണിക്കൂറുകൾക്കു ശേഷം മൃതദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്‌റ്ററിട്ട ആ കാലാണ്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മണ്ണിൽ മൂടിപ്പോയ വീട്ടിൽ നിന്ന് രാവിലെ എട്ടോടെ ജോസഫൈന്റെയും പത്തരയോടെ റെജീനയുടെയും ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നു. വീടിന് അരക്കിലോമീറ്റർ മുകളിൽനിന്നു പൊട്ടിയിറങ്ങിയ ഉരുൾ വീട് പൂർണമായും തകർക്കുമ്പോൾ റെജീനയും ജോസഫൈനും മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ. ചികിത്സയിൽ കഴിയുന്ന സുഹൃത്തിനു കൂട്ടുകിടക്കാൻ പോയതായിരുന്നു ജോസഫൈന്റെ അച്ഛൻ എം.ജെ.ജോണി. അനുജത്തിമാരായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ എറണാകുളത്തെ ഭർതൃഗ്രഹത്തിലായിരുന്നു.

പുലർച്ചെ അതിഭയങ്കരമായ ശബ്ദം കേട്ട അയൽവാസി ബിനോയി, ജോണിയെ വിളിക്കുമ്പോഴാണ് ഭാര്യയും മകനും വീട്ടിലുണ്ടന്ന് അറിഞ്ഞത്. അപകടത്തിൽ തകർന്ന വീട്ടിലേക്ക് ആദ്യം എത്തിയതും ബിനോയി ആണ്. ഒന്നാകെ മണ്ണിൽ പുതഞ്ഞുപോയ വീട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കനത്ത വെള്ളപ്പാച്ചിൽ ആദ്യം മണ്ണ് നീക്കിയും ചാലു വെട്ടിയും വെള്ളം തിരിച്ചു വിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി ആളെ കണ്ടെത്താൻ ശ്രമം തുടങ്ങി.

മൂന്നു മണിക്കൂറുകൾക്കു ശേഷമാണ് മണ്ണിനടിയിൽ ജോസഫൈന്റെ പ്ലാസ്‌റ്ററിട്ട കാൽ കണ്ടെത്തുന്നത്. അപകടവിവരമറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടു. രണ്ടു വർഷം മുൻപാണ് പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ ഇവർ പുതിയ വീട് നിർമിച്ചത്.

error: Content is protected !!