ആനയെ തുരത്താൻ വനം വകുപ്പ് നിർമിച്ച കിടങ്ങുകൾ ജലബോംബുകൾ.., ഭീതിയിൽ താഴ്‌വാരത്തുള്ള പ്രദേശവാസികൾ ..

എരുമേലി : കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ മലമുകളിൽ വനാതിർത്തി മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ആനക്കിടങ്ങുകൾ മനുഷ്യനിർമിത മഴവെള്ളപ്പാച്ചിലിനിടയാക്കുമോയെന്ന് ആശങ്ക. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡ് പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴിയിൽ വനാതിർത്തിയിൽ നിർമിച്ചിരിക്കുന്ന ആനക്കിടങ്ങുകളാണ് പ്രദേശവാസികൾക്ക് അപകട ഭീഷണിയായി മാറുന്നത്. 10 അടി വീതിയിൽ 15 അടിയോളം ആഴത്തിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ തങ്ങിനിൽക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം താഴേയ്ക്ക് ഒഴുകിയെത്തിയാൽ അത് വലിയ ദുരന്തത്തിന് ഇടയാക്കും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഇഞ്ചക്കുഴി ഭാഗത്ത് ആനക്കുഴി നിറഞ്ഞൊഴുകിയിരുന്നു. അന്ന് വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ആനക്കിടങ്ങുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ കെട്ടിനിൽക്കുന്ന വെള്ളം പ്രദേശത്തെ നാല്പതോളം കുടുംബങ്ങൾക്കാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. അപകട സാധ്യത മുന്നിൽക്കണ്ട് പ്രദേശത്തെ പല കുടുംബങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി.
എംഎൽഎ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഒരിഞ്ച് വലുപ്പമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കിത്തുടങ്ങി. പൈപ്പിലുടെ ഒഴുകുന്നതിനെക്കാൾ ശക്തിയിൽ ഉറവവെള്ളം കിടങ്ങിലേക്ക് എത്തുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ചെറിയ ഹോസിലൂടെ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ പുറത്തേക്ക് ഒ ഴുകുന്നത്. കിടങ്ങുകളുടെ പല ഭാഗത്തും വലിയ ഹോസുകൾ സ്ഥാപിച്ച് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിക്കളഞ്ഞാൽ മാത്രമേ പ്രദേശത്തെ അപകടസാധ്യത ഒഴിവാകുകയുള്ളൂ.
കിടങ്ങ് നിർമിക്കാൻ പൊട്ടിച്ചു മാറ്റിയ കല്ലുകൾ ഉൾപ്പെടെ മലയുടെ മുകളിലുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന കിടങ്ങ് പൊട്ടിയാൽ വലിയ ദുരന്തമാകുമെന്ന ഭീതിയിലാണ് താഴ്‌വാരത്തുള്ള പ്രദേശവാസികൾ .
