വിവാഹച്ചടങ്ങിൽ ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേറ്ററിങ് സംഘത്തിനെതിരെ പോലീസിൽ പരാതി നൽകി.
മുണ്ടക്കയം : വിവാഹ ചടങ്ങുകൾ കഴിഞ്ഞു ഓഡിറ്റോറിയത്തിൽ എത്തിയ അതിഥികൾക്ക് നൽകുവാൻ ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് ഏജൻസി മുങ്ങി . കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം ഇവന്റ്സ് & കാറ്ററിംഗിങ് ‘ എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരിക്കുന്നത് . രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ് സംഘം ഭക്ഷണം എത്തിക്കാതെ മുങ്ങിയത്. മുണ്ടക്കയം കൂടാതെ കഞ്ഞിക്കുഴിയിലും അന്നേ ദിവസം സമാനമായ തട്ടിപ്പ് ഉദയം കേറ്ററിങ് സംഘം നടത്തിയിരുന്നു.
ഞായറാഴ്ച ചോറ്റി അമ്പലത്തിൽ വച്ചായിരുന്നു പനക്കച്ചിറ സ്വദേശിയായ് യുവതിയുടെ വിവാഹം നടന്നത് . വിവാഹച്ചടങ്ങുകളിൽ മണ്ഡപത്തിലെ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാരും ബന്ധുക്കളും അതിഥികളും ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് ഭക്ഷണമെത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമറിയുന്നത്. ആവശ്യമായ സദ്യയ്ക്കായി 1.5 ലക്ഷം രൂപ മുൻകൂറായി ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ വിരുന്നിന്റെ നിശ്ചിത സമയവും കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഭക്ഷണം സ്ഥലത്തെത്തിയില്ല. തുടർന്ന് വീട്ടുകാർ കാറ്ററിംഗ് അധികൃതരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇവർ സ്ഥലം വിടുകയായിരുന്നു.
വിശന്നുവലഞ്ഞെത്തിയ അതിഥികൾക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ബന്ധുക്കൾ പൂർണ്ണമായും അമ്പരന്നു. ഒടുവിൽ പരിഭ്രാന്തരായ വീട്ടുകാർ സമീപത്തെ ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഓർഡർ നൽകി വരുത്തിയ ഭക്ഷണം നൽകിയാണ് കുറച്ചുപേരുടെയെങ്കിലും വിശപ്പകറ്റിയത്. മംഗളകരമായി നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ് കാറ്ററിംഗ് കമ്പനിയുടെ കടുത്ത ഉത്തരവാദിത്തമില്ലായ്മ കാരണം വലിയ അപമാനത്തിലും സങ്കടത്തിലുമാണ് അവസാനിച്ചത്.
ഉദയം കാറ്ററിംഗ് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ ഇതാദ്യമല്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ വലവിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തുച്ഛമായ തുക നൽകി ചെറുപ്പക്കാരായ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പ്രൊമോഷൻ വീഡിയോകൾ നിർമ്മിച്ചാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ഓഫറുകളിൽ വീഴുന്ന ഉപഭോക്താക്കളിൽ ഓർഡർ ലഭിച്ചാൽ, ചെറിയ ഏജൻസികൾക്ക് ഉപകരാർ നൽകിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് .
വഞ്ചന കാട്ടിയ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായ രണ്ട് കുടുംബങ്ങളുടെയും തീരുമാനം. പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അതിനിടെ, സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങളും വ്യാജ ഓഫറുകളും കണ്ട് അന്വേഷണം നടത്താതെ മുന്നോട്ടു പോകുന്നവർ ഇത്തരത്തിലുള്ള വലിയ ചതിക്കുഴികളിലാണ് വീഴുന്നതെന്ന് കാര്യം ഓർക്കുന്നത് നല്ലത് .
