കോസ്‌വേയിൽ വെള്ളം: പള്ളിയിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ; സംസ്കാരം വീട്ടുപുരയിടത്തിൽ നടത്തി.
എരുമേലി • കോസ്‌വേയിൽ വെള്ളം കയറിയതോടെ സംസ്കാരം പള്ളിയിൽനിന്ന് വീട്ടിലേക്കു മാറ്റി. കുരുമ്പൻമുഴി മണക്കയം ഭാഗത്ത് താമസിക്കുന്ന ഓലിക്കൽ തങ്കമ്മ (85)യ്ക്കു വീട്ടുവളപ്പിൽ നിത്യനിദ്ര.
വ്യാഴാഴ്ചയാണു തങ്കമ്മ മരിച്ചത്. ഇന്നലെ മുക്കൂട്ടുതറയിലെ പള്ളിയിൽ അടക്കം ചെയ്യാനായിരുന്നു വീട്ടുകാരുടെ തീരുമാനം. വീട്ടിൽ നിന്ന് പുറംലോകത്തേക്ക് എത്തുന്ന കുരുമ്പൻമുഴി കോസ്‌വേയിൽ വെള്ളം കയറിയതോടെ വീട്ടുവളപ്പിലേക്കു സംസ്കാരം മാറ്റി.
കഴിഞ്ഞ ദിവസം വനത്തിലൂടെ 7 കിലോമീറ്റർ യാത്ര ചെയ്ത് വെച്ചുച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി ഡാം വഴിയാണ് മൃതദേഹം മുക്കൂട്ടുതറ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. ഇന്നലെയും ആറ്റിലെ വെള്ളം ഇറങ്ങിയില്ല. മുക്കൂട്ടുതറ പള്ളിയിൽ സംസ്കാരം നടത്തിയാൽ ബന്ധുക്കൾക്കും നാട്ടുകാർക്കും സംസ്കാരത്തിന് എത്താൻ കഴിയാതെ വരുമെന്ന് കണ്ടതോടെയാണ് മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിൽ എത്തിച്ച് സംസ്കരിച്ചതെന്നു മകൻ ബിജു പറഞ്ഞു.
പരേതനായ ആനന്ദനാണു ഭർത്താവ്. മറ്റു മക്കൾ: ബിന്ദു, മോഹനൻ, രാജമ്മ, രാധ, സു ലോചന. മരുമക്കൾ: സന്തോഷ്, രജനി, ബേബി, കുഞ്ഞുമോൻ, സുകുമാരൻ, കുഞ്ഞു മോൻ.
