വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിതുറന്നു മോഷണശ്രമം ; വീടിന് സമീപം കിടന്ന കാർ നശിപ്പിച്ചു
എരുമേലി: കരിമ്പിൻതോട്ടിൽ ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം. വീടിന് സമീപം കിടന്ന കാറും നശിപ്പിച്ച നിലയിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കരിമ്പിൻതോട് വള്ളപ്പുരക്കൽ ബായിച്ചന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലും വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. കാറിന്റെ ഗ്ലാസും പൊട്ടിച്ചിട്ടിട്ടുണ്ട്.
ഭാര്യുടെ ചികിത്സാർഥം ബായിച്ചൻ തൊടുപുഴയിൽ ആശുപത്രിയിലായിരുന്നു. വീടിന് മുന്നിൽ കിടന്ന അയൽവാസിയുടെ കാറാണ് നശിപ്പിച്ചത്. വിൻഡോ ഗ്ലാസ് തകർത്ത് വാഹനത്തിൽ നിന്നും ജാക്കി ലിവർ എടുത്ത് വീടിന്റെ മുൻവാതിൽ കുത്തി തുറന്നതായാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും വീട്ടുകാർ ഞായറാഴ്ച സ്ഥലത്തെത്തിയാലെ നഷ്ടം സംബന്ധിച്ച് അറിയാനാകൂയെന്നും പോലീസ് പറഞ്ഞു.
പോലീസ് ഫോറൻസിക് ടീമിന്റെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുമെന്ന് എരുമേലി എസ്.എച്ച്.ഒ. എം.മനോജ് പറഞ്ഞു. നിലവിൽ വീട് ബന്ധവസാക്കിയിരിക്കുകയാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ ശാസ്ത്രീയ പരിശോധനയ്‌ക്കെത്തും.
