വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണം
ചിറക്കടവ്: പ്രമുഖ സാഹിത്യകാരനും ഭാഷാ പണ്ഡിതനും,ശബ്ദതാരാവലിയുടെ രചയിതാവും ആയിരുന്ന വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളിയുടെ ചരമ വാർഷികം ഞായറാഴ്ച ആചരിക്കും.
രാവിലെ 6 .45 ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 7 30ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ ജോൺ അച്ഛന്റെ കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തിയതിനു ശേഷം അനുസ്മരണ പ്രഭാഷണം നടത്തും.
1905 മാർച്ച് 16ന് ചിറക്കടവ് കുന്നപ്പള്ളി കുടുംബത്തിൽ ജനിച്ച ജോൺ അച്ചൻ 1931 ഡിസംബർ 19 ന് പൗരോഹിത്യ സ്വീകരിക്കുകയും, 1993 ജൂലൈ 11ന് ഇഹലോകവാസം വെടിയുകയും ചെയ്തു. കത്തോലിക്കാസഭയിലെ മിക്ക മെത്രാന്മാരുടെയും ഗുരുനാഥനും ആയിരക്കണക്കിന് വൈദികരുടെ ഗുരുവുമായിരുന്നു ഇദ്ദേഹം. ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രൊഫസറായും, കാഞ്ഞിരപ്പള്ളി മേരിമാതാ മൈനർ സെമിനാരി റെക്ടറായും , ആത്മീയ ഗുരുവായും സേവനം ചെയ്ത ഇദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
മലയാളത്തിലും സംസ്കൃതത്തിലും ഏറെ പാണ്ഡിത്യം നേടിയിരുന്ന ഫാ. ജോൺ കുന്നപ്പള്ളി സംസ്കൃത , മലയാള ഭാഷകളുടെ ശബ്ദതാരാവലി പ്രസിദ്ധീകരിക്കുന്നതിനും , ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടുന്നതിനും അദ്ദേഹത്തിനായി .അറിവിന്റെ നിറകുടവും ,ലാളിത്യത്തിന്റെ മുഖമുദ്രയും അണിഞ്ഞ് വിശുദ്ധിയുടെ മാർഗ്ഗത്തിലൂടെ ചരിച്ച അച്ഛനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയൊരു ശിഷ്യസമ്പത്ത് തന്നെ അദ്ദേഹത്തിനുണ്ട്