ഹൈവേ നിർമാണം: കരിങ്കൽകെട്ട് തകർന്നു ; നിർമാണത്തിലെ അപാകതയെന്ന് ആരോപണം, ഭീതിയോടെ വീട്ടുകാർ
മണിമല: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ നിർമാണത്തിന് ഉയർന്ന പ്രദേശത്തെ തിട്ടൽ ഇടിച്ച ഭാഗത്ത് നിർമിച്ച കരിങ്കൽകെട്ട് തകർന്നത് റോഡിനു സമീപത്തുള്ള വീട്ടുകാരെ ഭീതിയിലാക്കുന്നു.
കരിങ്കൽകെട്ട് നിർമാണത്തിലെ അപാകമാണ് കെട്ട് തകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. മണിമല – മൂലേപ്പാവ് റോഡിൽ മൂലേപ്പാവ് ഇളംതോട്ടം പടി മുതൽ മണിമല വരെ നിരവധി ഭാഗങ്ങളിൽ കരിങ്കൽകെട്ട് പൂർത്തിയായിട്ടുണ്ട്.
മുപ്പതടിവരെ ഉയരത്തിൽ കരിങ്കൽകെട്ട് പൂർത്തിയായിട്ടുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരത്തിലുണ്ടായിരുന്ന കരിങ്കൽകെട്ടാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതകർന്നത്.
ഈ ഭാഗത്ത് റോഡിൽ ടാറിങ് ജോലികൾ നടന്നുവരുകയാണ്. അതിനാൽ തിട്ടലിനോട് ചേർന്ന് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇവിടെനിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ വീടുകളോട് ചേർന്നുള്ള ഭാഗത്ത് കരിങ്കൽകെട്ട് പൂർത്തിയായിട്ടുണ്ട്. കരിങ്കൽ കെട്ടിന്റെ ഉറപ്പിനെ സംബന്ധിച്ച് അധികൃതർ പരിശോധനകൾ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
