KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏയ്ഞ്ചൽ എന്ന കുതിരയ്ക്ക് ദുരിതജീവിതത്തിൽ നിന്നും മോചനം ; കുതിരയ്ക്ക് ചികിത്സ നൽകി, മൃഗസ്‌നേഹികളുടെ കൂട്ടായ്മ ഏറ്റെടുത്തു.

ചിറക്കടവ്: . ചിറക്കടവിൽ റോഡ് നിർമാണത്തിനെത്തിയ സംഘം വളർത്തിയിരുന്ന ഏയ്ഞ്ചൽ എന്ന കുതിരയുടെ ദുരിതജീവിതം വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഇടപെട്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ട വർക്കലയിലെ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ ടീം ശിവമംഗലം ചികിത്സാച്ചുമതല ഏറ്റെടുത്തു.

റേസിങ്ങിന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് ബ്രീഡ് കുതിരയാണ് ഏയ്ഞ്ചൽ. വ്രണം മൂലം കാൽ നിലത്തുകുത്താനാവാതെ വേദന തിന്ന് കഴിയുകയായിരുന്നു. കറുത്തമഞ്ഞാടി നിവാസിയായ അജേഷ് ആറ്റുപുറമാണ് കുതിരയുടെ ദുരിത ജീവിതത്തെക്കുറിച്ച് എന്റെ നാട് ചിറക്കടവ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിൽ അറിയിച്ചത്. ഇതേ തുടർന്ന് അവർ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കുതിരയുടെ കഥ പുറംലോകത്തെ അറിയിക്കുകയായിരുന്നു. മൃഗസ്‌നേഹി സംഘടനയായ ‘ആരോ’ ഉൾപ്പെടെ നിരവധി സംഘടനകൾ വിവരം ആരാഞ്ഞെത്തി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി.തങ്കച്ചന്റെ നിർദേശാനുസരണം കൊടുങ്ങൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ബിനു ഗോപിനാഥ് ശനിയാഴ്ച രാവിലെ ചെറുവള്ളി കറുത്തമഞ്ഞാടിയിൽ കുതിരയെ കെട്ടിയിരുന്നിടത്തെത്തി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കൃഷ്ണചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയും സ്ഥലത്തെത്തി. കാലിലെ മുറിവ് പരിശോധിച്ച ഡോ. ബിനു ഗോപിനാഥ് ലാടം നീക്കം ചെയ്യണമെന്ന് നിർദേശിച്ചു. ചെളിനിറഞ്ഞ സ്ഥലത്തായിരുന്നു കുതിര നിന്നത്. അണുബാധയ്ക്കിടയാകുമെന്നതിനാൽ പലക വിരിച്ച സ്ഥലത്തേ നിർത്താവൂയെന്ന് നിർദേശിച്ചു. മുറിവിൽ അണുബാധയുണ്ടാവാതിരിക്കാൻ ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവെയ്പ് നൽകി.

പിന്നീട് വർക്കലയിൽ നിന്നുള്ള ടീം ശിവമംഗലം എന്ന മൃഗസ്‌നേഹികളുടെ സംഘം കുതിരയെ ഓച്ചിറയിലേക്ക് കൊണ്ടുപോയി. ഒന്നരമാസം നരിക്കൽമുക്കിൽ അവരുടെ കുതിര പരിശീലനകേന്ദ്രത്തിൽ ചികിത്സ നൽകും.

കുതിരയുടെ ഉടമ സനൽ റോബർട്ട് അതിനുള്ള പണം നൽകും. പോണി ഇനത്തിൽപ്പെട്ട മറ്റൊരു കുതിര കൂടി കറുത്തമഞ്ഞാടിയിൽ റോഡ് നിർമാണതൊഴിലാളികളുടെ താമസസ്ഥലത്തുണ്ട്.

error: Content is protected !!