പാറമടയുടെ സമീപത്തുകൂടി ഒഴുകുന്ന കൊച്ചുതോട് കെട്ടിയടച്ചു,

എരുമേലി: മഴക്കാലത്ത് ചെമ്പകപ്പാറ പാറമടയിൽ നിന്ന്‌ രാസവസ്തുക്കൾ ചേർന്ന മലിനജലം നീർച്ചാലിലൂടെയും മണ്ണിൽ താഴ്ന്നും ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നതായി പരാതി നിലനിൽക്കെ, പദ്ധതിപ്രദേശത്തൂടെ ഒഴുകുന്ന കൊച്ചുതോട് പാറമട നടത്തിപ്പുകാർ കരിങ്കല്ലുകൊണ്ട് കെട്ടിയടച്ചു. പാറമട പ്രവർത്തിക്കുന്ന റബ്ബർതോട്ടത്തിലൂടെ ഒഴുകി ജനവാസമേഖലയിലെ ചരളയിലേക്കെത്തുന്ന കൊച്ചുതോടാണ് റബ്ബർതോട്ടത്തിന്റെ പരിധിയിയിൽ വരുന്ന ഭാഗങ്ങളിൽ പലയിടങ്ങളിലായി കെട്ടിയടച്ചത്.

പാറമടയിൽനിന്നുള്ള മലിനജലവും കല്ലും മണ്ണും പൊയ്കത്തോട്ടിലൂടെ വരുന്നത് ഒഴിവാക്കി പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാണ് ഉടമകൾ നടത്തുന്നതെന്ന് ചരള പാറമടവിരുദ്ധ സമിതി ആരോപിക്കുന്നു.

നീർച്ചാലുകൾ സംരക്ഷിക്കപ്പെടണമെന്ന് നിയമം ഉള്ളപ്പോൾ ജലസ്രോതസ്സിന്റെ ഒഴുക്ക് തടഞ്ഞുള്ള നിർമാണപ്രവർത്തനം നടത്തിയിട്ടും ഗ്രാമപ്പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ജലസമൃദ്ധിയോടെ ഒഴുകേണ്ട കൊച്ചുതോട് ജനവാസമേഖലയിലെത്തുമ്പോൾ നിലവിൽ കാൽപാദം നനയാനെ വെള്ളമുള്ളൂ. കൊച്ചുതോടിന്റെ അവസ്ഥ പ്രഥമദൃഷ്ട്യ മനസ്സിലാകുമ്പോൾ, മണ്ണിൽ മലിനജലമിറങ്ങി കിണർവെള്ളം മലിനമാകുന്ന സാഹചര്യങ്ങളും മണ്ണിടിച്ചിൽ ഭീഷണിയുള്ളതായും പ്രദേശവാസികൾ പറയുന്നു. ഉയർന്ന പ്രദേശത്താണ് പാറമട. മലയുടെ താഴ്‌വരയിലാണ് ചരളയെന്ന ജനവാസമേഖല.

കഴിഞ്ഞ വർഷം കാലവർഷത്തിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് നാശവും രണ്ട് വീടുകളുടെ സംരക്ഷണഭിത്തികളും തകർന്നിരുന്നു. വെള്ളപ്പാച്ചിലിൽ പൊയ്കത്തോട്ടിലൂടെ മണ്ണും കല്ലുകളും ജനവാസമേഖലയിലേക്കെത്തിയിരുന്നു. പരിഭ്രാന്തരായ 15-ഓളം കുടുംബങ്ങൾ സമീപം കുന്നിൻപുറത്തുള്ള സ്‌കൂളിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന പാറമട ജനജീവിതത്തിന് ഭീഷണിയെന്ന് കാട്ടി പാറമടവിരുദ്ധ സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരം പരിസ്ഥിതി ആഘാത പഠനസമിതിയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. പൊയ്കത്തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങളും ഇവർ പരിശോധിച്ചിട്ടുണ്ട്.

error: Content is protected !!