KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രോഗത്തെ ചെറുക്കാൻ ഒറ്റക്കെട്ടായി പോരാട്ടം

മുണ്ടക്കയം: കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ നിന്നുള്ള ആളുകൾ ഏത് ആവശ്യങ്ങൾക്കും എത്തുന്ന ടൗണാണ് മുണ്ടക്കയം. ഇവിടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമീപ പഞ്ചായത്തുകളും ഏറെ ജാഗ്രത പുലർത്തുകയും മുണ്ടക്കയം ടൗണിലേക്കുള്ള യാത്ര കുറയ്ക്കുകയും ചെയ്തത് ഏറെ ഗുണകരമായി. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണ, പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി രാപകൽ വാർഡുതലത്തിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ ഫലം കണ്ടു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുവാൻ സാധിച്ചു. രണ്ടാം തരംഗത്തിന്റെ അവസാനഘട്ടത്തിൽ രോഗികളുടെ എണ്ണം വർധിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. ഇതിനായി വിവിധ വാർഡുകളിൽ മെഗാ പരിശോധന ക്യാമ്പുകൾ ആരംഭിച്ചതായി പ്രസിഡന്റ്‌ രേഖാദാസ് പറഞ്ഞു. 

പത്ത് പേരടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീമെന്ന ആശയം പഞ്ചായത്തിൽ നടപ്പിലാക്കിയത് വിജയം കണ്ടു. രോഗികളെ കണ്ടെത്തുവാനും പരിശോധിക്കുവാനും ചികിത്സ യഥാസമയം നൽകുവാനുമായി. 

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെ വീടിന് പുറത്തിറക്കാതെ അവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളടക്കം വീട്ടിലെത്തിച്ച് നൽകി. രോഗവ്യാപനം കുറയ്ക്കുവാൻ ഇതുമൂലം കഴിഞ്ഞു. എല്ലാ വാർഡുകളിലും ഒരേ മനസ്സോടെ കൈകോർത്തുള്ള സന്നദ്ധ പ്രവർത്തനം നടത്തുവാനായി. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനമാണ് പഞ്ചായത്തിൽ നടപ്പാക്കുവാൻ ആഗ്രഹിക്കുന്നത്. അതിന് എല്ലാ വിഭാഗം ആളുകളുടെയും സഹായം തുടർന്നും ഉണ്ടാകണമെന്നും പ്രസിഡൻറ് പറഞ്ഞു. 

ഗുരുതരരോഗബാധിതരായ അൻപതോളം കുടുംബങ്ങളിൽ കൃത്യമായി മരുന്ന് എത്തിച്ചു നൽകി. മക്കളിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞ രോഗബാധിതരായ രണ്ട് പേരടക്കം മൂന്ന് പേരെ അവരുടെ മക്കൾക്കൊപ്പം വീടുകളിൽ സുരക്ഷിതരായി എത്തിക്കുവാൻ കഴിഞ്ഞതായും പ്രതിപക്ഷ അംഗവും ആറാം വാർഡുമെമ്പറുമായ ബെന്നി ചേറ്റുകുഴി പറഞ്ഞു. 

മക്കളുടെ സംരക്ഷണമില്ലാതെ കഴിഞ്ഞ വൃദ്ധമാതാവിനെ മക്കൾക്കൊപ്പം എത്തിക്കുവാനായത് കോവിഡ് സന്നദ്ധ പ്രവർത്തന കാലയളവിലെ മറക്കുവാനാകാത്ത അനുഭവമായിരുന്നുവെന്ന് പഞ്ചായത്തഗം ഷീബ ദിഫായിൻ ഒാർക്കുന്നു. ഇതോടൊപ്പം വിദ്യാർഥികൾക്ക് ടി.വി.മൊബൈൽ എന്നിവയടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുവാനുമായി. പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പോലീസ്, അങ്കണവാടി, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ഒറ്റക്കെട്ടായാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്ന് അംഗങ്ങളായ സുലോചന സുരേഷ്, ജോമി തോമസ് ,പി.എ.രാജേഷ്, പ്രസന്നഷിബു, ലിസി ജിജി, സൂസമ്മ മാത്യു എന്നിവരെല്ലാം ചൂണ്ടിക്കാണിക്കുന്നു.

• രേഖാ ദാസ് (പ്രസിഡൻറ്), ബെന്നി ചേറ്റുകുഴി, ഷീബ ദിഫായിൻ

• സുലോചന സുരേഷ്, ജോമി തോമസ്, പി.എ.രാജേഷ് 

• പ്രസന്ന ഷിബു, ലിസി ജിജി, സൂസമ്മ മാത്യു

error: Content is protected !!