വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിതുറന്നു മോഷണം : ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
എരുമേലി: ആളില്ലാത്ത വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ പോലിസ് അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി.
കരിമ്പിൻതോട് ഭാഗത്ത് എരുമേലി – റാന്നി സംസ്ഥാന പാതയോരത്തുള്ള വള്ളപ്പുരയ്ക്കൽ ഈപ്പൻ ജേക്കബിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയലായിരുന്നു സംഭവം. കു
ആറ് പവൻ സ്വർണവും 15000 രൂപയും രണ്ട് വാച്ചും മോഷ്ടിക്കപ്പെട്ടെന്ന് സ്ഥലത്തെത്തിയ വീട്ടുടമ ഈപ്പൻ ജേക്കബ് പോലീസിനെ അറിയിച്ചു. പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ വീടിന്റെ മുൻവാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി കവർച്ച നടത്തിയത്. നിരവധി വീട്ടുസാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
ഇന്നലെ തെളിവെടുപ്പിൽ മണം പിടിച്ച പോലിസ് നായ വീടിന്റെ പിൻഭാഗത്തുള്ള റബർ തോട്ടത്തിലൂടെ മണം പിടിച്ചെത്തി സമീപത്തെ പോക്കറ്റ് റോഡ് വരെ വന്നു. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന സാധനങ്ങളിൽ നിന്ന് വിരലടയാളം ശേഖരിച്ചു. പ്രൊഫഷണൽ മോഷ്ടാകളുടെ വിരലടയാളവുമായി സാമ്യം ഉണ്ടോയെന്ന് ഇനി പരിശോധന നടത്തുമെന്ന് പോലിസ് പറഞ്ഞു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ കാറിന്റെ ചില്ല് തകർത്ത് കറിനുള്ളിൽ നിന്നും ജാക്കി ലിവർ മോഷ്ടാക്കൾ എടുത്ത് വീടിന്റെ സിറ്റൗട്ടിൽ ഉപേക്ഷിച്ചിരുന്നു.
വീട്ടിലെ വളർത്തുനായ്ക്കൾക്ക് മയക്കുമരുന്ന് നൽകി മയക്കിയ ശേഷമായിരുന്നു മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. വിജന പ്രദേശമായ കരിമ്പിൻതോട്, കനകപ്പലം പ്രദേശങ്ങളിൽ കഴിഞ്ഞയുടെയും മോഷണ ശ്രമങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ചും ഇതോടൊപ്പം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജ്, എസ് ഐ എം എസ് അനീഷ് എന്നിവർ അറിയിച്ചു.