കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് ലോകത്തിന് മാതൃകയായി.. പ്രദേശത്തെ പത്ത് പ്രമുഖ സന്നദ്ധ സംഘടനകൾ ഇനി ഒരു കുടകീഴിൽ പ്രവർത്തിക്കും
കാഞ്ഞിരപ്പള്ളി : വിവിധ സന്നദ്ധ സംഘടനകളുടെ നിസ്വാർഥ ജീവകാര്യണ്യ പ്രവർത്തനങ്ങളാൽ കാഞ്ഞിരപ്പള്ളി പ്രദേശം കേരള സംസ്ഥാനത്തിന് മികച്ച മാതൃകയാണ് ഏറെനാളുകളായി കാഴ്ചവയ്ക്കുന്നത്. പ്രളയകാലത്തും, കോവിഡ് ദുരിതകാലത്തും, കാഞ്ഞിരപ്പള്ളിയ്ക്ക് കൈതാങ്ങായത് പ്രദേശത്തെ പ്രമുഖ പത്ത് സന്നദ്ധ സംഘടകളുടെ ആത്മാർത്ഥമായ, നിസ്വാർഥ പ്രവർത്തനങ്ങളാണ് എന്ന് നാട് നന്ദിയോടെ സ്മരിക്കുന്നു. മരുന്നുകളും, ഭക്ഷണവും, ആംബുലൻസ് സർവീസുകളും, ഹോം ഡെലിവറികളും, മറ്റ് സഹായങ്ങളും ഒക്കെയായി പ്രദേശത്തെ പത്തു സന്നദ്ധസംഘടകളും കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിൽ ഒന്നിനൊന്നു മികച്ചു നിന്നു. എന്നാൽ ആ പത്ത് സംഘടനകളും ഒരുമിച്ചുനിന്ന് ഒരേ കുടക്കീഴിൽ പ്രവർത്തിച്ചാലോ ? അത്തരമൊരു ചരിത്ര സംഭവത്തിനാണ് കാഞ്ഞിരപ്പള്ളി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് .
കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ സ്വരുമ, കെവൈഎഫ്, ടീം8, പാറത്തോട് സ്നേഹകൂട്ടായ്മ, കാഞ്ഞിരപ്പള്ളി ടൗൺ ക്ലബ്ബ്, സ്പാരോസ് ക്ലബ്ബ്, ടീം ചിറ്റടി എന്നീ സന്നദ്ധ സംഘടനകൾക്ക് പുറമേ റോട്ടറി ക്ലബ്ബും, ജേസീസ് ഇന്റെർനാഷനലും കൈകോർത്താതോടെ അത് നാടിന് ഏറെ ആശ്വാസമാകും എന്നതിൽ സംശയമില്ല.
സംസ്ഥാനത്ത് തന്നെ ഇദംപ്രദമായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ.സജിമോൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി എം.എം.ജോസ് അനുമോദന പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകം, ബ്ളോക് പഞ്ചായത്തംഗം ഷക്കീലാ നസീർ, കാഞ്ഞിരപ്പള്ളി സിഐ ഷൈജു എം.ജെ, പാലീയേറ്റീവ് കൺസോർഷ്യം ജില്ലാ ചെയർമാൻ സ്കറിയ ഞാവള്ളി, എന്നിവർ ചേർന്ന് അമ്പത് കിഡ്‌നി രോഗികൾക്കുള്ള ഡയാലിസിസ് കിറ്റിന്റെ വിതരണം നിർവ്വഹിച്ചു.
കോവിഡ് കാലത്ത് നിസ്വാർഥ സേവനം നടത്തിയ ആംബുലൻസ് ഡ്രൈവർമാർക്കും, നഴ്സുമാർക്കും സ്കൂൾ പോലീസ് കേഡറ്റ് വിഭാഗവും ബേക്കറി അസോസിയേഷനും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. 50 തവണ രക്തദാനം നടത്തിയ ജനമൈത്രി അംഗം ബെന്നി ആന്റണിയെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ സുമി ഇസ്മായിൽ,ബിജു പത്യാല, ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ മാത്യു പോൾ,റിയാസ് കാൾടെക്സ്, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ജോർജ് കോരാ, ഡയസ് കോക്കാട്,അമീർ ബദ്രി, ഷബീർ മുക്കാലി , വിപിൻ രാജു എന്നിവർ സന്നിഹിതരായിരുന്നു. ജനമൈത്രി കാഞ്ഞിരപ്പള്ളി നോഡൽ ഓഫീസർ രാജു സി.ജി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിന് എം.എ.റിബിൻ ഷാ സ്വാഗതവും ടി.എ. സെയ്നില്ല നന്ദിയും പറഞ്ഞു.


