പുഞ്ചവയലിൽ കാട്ടാനശല്യം ; കൃഷി നശിപ്പിച്ചു
പുഞ്ചവയൽ ∙ കാരിശേരി മൂന്നോലി ഭാഗങ്ങളിൽ വീണ്ടും കാട്ടാനശല്യം. സോളർ വേലികൾ തകർത്ത നാട്ടിലെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്കുംകുഴിയിൽ സുധാകരന്റെ പുരയിടത്തിലെ റബർ, ജാതി, കമുക്, വാഴ തുടങ്ങിയ കൃഷികളാണു വ്യാപകമായി നശിപ്പിച്ചത് ഒരു വർഷമായി ഇവിടെ ആനകളുടെ ശല്യം കുറവായിരുന്നു. എന്നാൽ സോളർ വേലികൾ തകർത്താണ് ഇക്കുറി ആന നാട്ടിൽ എത്തിയത്.
വേലികൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തിൽ പല സ്ഥലങ്ങളിലും പ്രവർത്തനരഹിതമാണെന്നും ആക്ഷേപമുണ്ട്. കാട്ടുപന്നിയുടെ ശല്യം കഴിഞ്ഞ കുറെ നാളുകളായി മേഖലയിൽ ഉണ്ട്. കപ്പക്കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്. മേഖലയിലെ സോളർ വേലികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമാകുന്നു.
