KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പുഴയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു

എരുമേലി∙ മണിപ്പുഴയിൽ കാട്ടുപന്നി ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. വനാതിർത്തിക്കു പുറമേ നാട്ടിലേക്കും പന്നിക്കൂട്ടമിറങ്ങുന്നതു കർഷകരെ ദുരിതത്തിലാക്കുന്നു. പന്നികളെ വെടിവച്ചു കൊല്ലാൻ ജാഗ്രതാ സമിതി രൂപീകരിച്ചെങ്കിലും പ്രയോജനപ്പെടുന്നില്ല. ഡിസിസി സെക്രട്ടറിയും കർഷകനുമായ പ്രകാശ് പുളിക്കലിന്റെ പുരയിടത്തിലാണു രാത്രി കാട്ടുപന്നികൾ ഇറങ്ങിയത്. 

30 ചുവട് കപ്പ, ജാതി, വാഴ എന്നിവ പൂർണമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം തൂങ്കുഴി സജി, മണ്ണാംപറമ്പിൽ ജോയി എന്നിവരുടെ കൃഷിയിടത്തിലും കാട്ടുപന്നികൾ വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. തലയിണത്തടം, കാളകെട്ടി, പാണപിലാവ്, കരിമ്പിൻതോട്, കനകപ്പലം, കുളമാംകുഴി, പ്ലാച്ചേരി, പൊന്തൻപുഴ, ആലപ്ര പ്രദേശങ്ങളിലാണു കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ച മുൻപ് കുളമാംകുഴിയിൽ ഇറങ്ങിയ കാട്ടുപന്നി കിണറ്റിൽ വീണിരുന്നു. 

നാട്ടുകാർ പരാതിപ്പെട്ടെങ്കിലും 2 ദിവസത്തിനു ശേഷമാണു പന്നിയെ വനപാലകർ പുറത്തെടുത്തത്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ അനുമതി നൽകിയ ശേഷം എരുമേലി റേഞ്ച് ഓഫിസിനു കീഴിൽ 4 മാസം മുൻപു ജാഗ്രതാ സമിതി രൂപീകരിച്ചിരുന്നു. തോക്ക് ലൈസൻസുള്ള കർഷകരെ ഉൾപ്പെടുത്തിയാണു സമിതി രൂപീകരിച്ചത്. 

എന്നാൽ പന്നികളെ കൊല്ലുന്നതിനു മുന്നോടിയായി വനം വകുപ്പിനെ അറിയിക്കുന്നത് ഉൾപ്പെടെയുള്ള നൂലാമാലകൾ ഉള്ളതിനാൽ ഒരു പന്നിയെപ്പോലും വെടിവയ്ക്കാൻ കഴിഞ്ഞിട്ടില്ല. മുൻകാലങ്ങളിൽ വനാതിർത്തിയിലെ കൃഷിയിടങ്ങളിലാണു പന്നിശല്യം ഉണ്ടായിരുന്നത്. 

എന്നാൽ ഇപ്പോൾ നാട്ടിൻ പുറങ്ങളിലേക്കും പന്നികൾ കൂട്ടത്തോടെ എത്തുകയാണ്. കാട്ടുപന്നി, കാട്ടാന ശല്യം തടയാൻ വനാതിർത്തികളിൽ ഫെൻസിങ് ഉണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ ഇതു നടപ്പാക്കുക പ്രായോഗികമല്ലെന്നു വനം വകുപ്പ് പറയുന്നു.

error: Content is protected !!