വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വൃക്ക രോഗികൾക്ക് ഡയലസർ നൽകി
മുണ്ടക്കയം: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന 35 വൃക്ക രോഗികൾക്ക് മുണ്ടക്കയം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഡയലസർ നൽകി. വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്താൻ സുമനസുകളുടെ സഹായത്തോടെ ആശുപത്രി വിഭാവനം ചെയ്ത ഹ്യുമാനിറ്റേറിയൻ എയ്ഡ് നെറ്റ്വർക്ക് ഫോർ ഡയാലിസിസ് സെക്ടർ – “ഹാൻഡ്സ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഡയലസർ നൽകിയത്.
കോവിഡിന്റെ സാഹചര്യത്തിൽ മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തപ്പോൾ വൈഎംസിഎ അംഗങ്ങൾ സ്വന്തമായി കണ്ടെത്തിയ പണമാണ് ഇതിനായി ചിലവഴിച്ചത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് 100, 75, 50, 25 ശതമാനം ഇളവുകൾ എല്ലാ ഡയാലിസിസ് രോഗികൾക്കും നൽകി വരുന്നുണ്ട്. 2020 ജൂൺ മാസത്തിലാണ് ആശുപത്രിയിൽ ഡയാലിസിസ് ആരംഭിക്കുന്നത്.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞവർഷം ജൂണിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ ഇപ്പോൾ 5000 ഡയാലിസിസ് പൂർത്തിയാക്കിയിരിക്കുന്നു. നിലവിൽ അമ്പതിലധികം കിഡ്നി രോഗികൾക്ക് സേവനം ലഭിക്കുന്നുണ്ട്.
കൂടാതെ നവീകരിച്ച റേഡിയോളജി വിഭാഗത്തിൽ അൾട്രാ സൗണ്ട് സ്കാനിംഗും 24 മണിക്കൂറും സിടി സ്കാൻ സൗകര്യവും ലഭ്യമാണ്. അപകടങ്ങൾ തുടർക്കഥയാകുന്ന ഹൈറേഞ്ച് മേഖലയിൽ അപകടത്തിൽപ്പെടുന്നവർക്ക് അസ്ഥിരോഗ വിഭാഗത്തിലും സർജറി വിഭാഗത്തിലും മികച്ച ചികിത്സ ആശുപത്രി ഉറപ്പുവരുത്തുന്നുണ്ട്.
വൈഎംസിഎ പ്രസിഡന്റ് ഡോ.എൻ.സി. ജോസഫ് ഡയലസർ ആശുപത്രിക്ക് കൈമാറി. സമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ ഫാ.സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, വൈഎംസിഎ സെക്രട്ടറി ബോബിന മാത്യു, പിആർഒ സുബിൻ മാത്യൂസ്, സിസ്റ്റർ ലിഡിയ കോയിക്കൽ, റിറ്റി എം. തോമസ് എന്നിവർ പ്രസംഗിച്ചു.
