ചെറുവള്ളി എസ്റ്റേറ്റ്: സർക്കാർ അക്വിസിഷൻ സാധ്യത തേടുന്നു
: എരുമേലി ശബരി വിമാനത്താവളം നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പാലാ കോടതിയിൽ നൽകിയ ഹർജിയിൽ അഞ്ചിന് വാദം തുടങ്ങും. തോട്ടത്തിന്റെ വില കോടതിയിൽ കെട്ടിവച്ച് സർക്കാർ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിൽ തോട്ടത്തിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചിന്റെ നിലപാട് അഞ്ചിനു കോടതിയെ അറിയിക്കും.
അർഹമായ നഷ്ടപരിഹാരം ലഭിച്ചാൽ വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിനു നൽകുന്നതിൽ എതിർപ്പില്ലെന്ന സമീപനമാണ് ബിലീവേഴ്സ് ചർച്ചിന്റേത്. അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് ഇക്കൊല്ലംതന്നെ നിർമാണം തുടങ്ങുന്നതിനുള്ള സർക്കാർ താത്പര്യത്തോട് സഹകരിക്കണമെന്ന് സർക്കാരിന്റെ പ്രതിനിധികൾ ബിലീവേഴ്സ് ചർച്ചിനോട് ആവശ്യപ്പെട്ടിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം അംഗീകരിക്കുകയും നഷ്ടം ലഭിക്കുകയും വേണമെന്നാണ് സഭാ വക്താവ് പറയുന്നത്.
പാലാ സബ് കോടതിയിലെ കേസ് വേഗത്തിലാക്കുന്നതിൽ സഹകരിക്കാം എന്ന് ബിലീവേഴ്സ് ചർച്ച് സമ്മതിച്ചിട്ടുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി തോട്ടത്തിന്റെ അവകാശം സർക്കാരിനുള്ളതാണെന്ന് വ്യക്തമാക്കി കോടതിയിൽ ഹർജി നൽകിയിരിക്കെ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കുന്നതിൽ നിയമപ്രശ്നമുണ്ടാകാം.
ചെറുവള്ളി എസ്റ്റേറ്റിന് കോടതി നിശ്ചയിക്കുന്ന വില സർക്കാർ കെട്ടിവച്ച് തോട്ടം ഏറ്റെടുക്കുകയും കേസ് നടപടികൾ തുടരുകയും ചെയ്യാനാണ് സാധ്യത. തോട്ടത്തിന്റെ അവകാശം തെളിയിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മേൽക്കോടതികളുടെ വിധി നിലനിൽക്കെയാണ് അക്വിസിഷൻ നിശ്ചിത തുക കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് നടപടികൾ പുരോഗമിക്കുന്നത്.
കോടതി വ്യവഹാരം ഒരു വശത്ത് തുടരുകയും സ്ഥലം ഏറ്റെടുത്ത് നടപടികൾ മുന്നോട്ടുനീങ്ങുകയും ചെയ്യാനാണ് സാധ്യത. 2360 ഏക്കർ തോട്ടത്തിന്റെ പൂർണമായ വിസ്തൃതി തെളിയിക്കുന്ന രേഖകൾ ബിലീവേഴ്സ് ചർച്ച് ഹാജരാക്കേണ്ടിവരും. അളവിൽ കൂടുതൽ സ്ഥലം തോട്ടത്തിൽ ഉൾപ്പെടുന്നുണ്ടോ എന്നതിൽ സർവേയും വേണ്ടിവന്നേക്കാം.
വിമാനത്താവളത്തിനു മുൻപ് തയാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിൽ മണ്ണ്, പരിസ്ഥിതി, വ്യോമ പഠനം നടത്താനുമുള്ള അനുമതിക്ക് സർക്കാർ കേന്ദ്രത്തെ ഉടൻ സമീപിക്കും. സ്ഥലം അക്വിസിഷൻ നടപടിയുണ്ടായാൽ നാലു വർഷത്തിനുള്ളിൽ വിമാനത്താവളം പൂർത്തിയാക്കാനാണ് സർക്കാർ തലത്തിലെ തീരുമാനം.
സർക്കാരിനുവേണ്ടി അഭിഭാഷകരായ ഐക് മാണി, സജി കൊടുവത്ത്, വി. ജയപ്രകാശ് എന്നിവർ ഹാജരാകും. അവശ്യസാഹചര്യത്തിൽ ഹൈക്കോടതിയിൽനിന്നുള്ള അഭിഭാഷകരെയും സർക്കാർ ഹാജരാക്കും. ബിലീവേഴ്സ് ചർച്ചിനുവേണ്ടി അഡ്വ. ചെറിയാൻ വർഗീസ് ഹാജരാകും.
