ശബരി വിമാനത്താവളത്തിന് എതിരല്ലെന്ന് ബിലീവേഴ്സ് ചർച്ച്
ശബരി വിമാനത്താവളം നിർമാണത്തിന് നിശ്ചയിച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരും തോട്ടത്തിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചുമായി സർക്കാർതലത്തിൽ ഒന്നാംവട്ട ചർച്ചകൾ നടത്തി. വിമാനത്താവളം നിർമാണത്തിന് ബിലീവേഴ്സ് ചർച്ച് എതിരല്ലെന്നും സഭയ്ക്ക് സ്വീകാര്യമായ ഒത്തുതീർപ്പിനു തയാറാണെന്നും കേസിനോട് സഹകരിക്കാമെന്നും സഭാ പ്രതിനിധികൾ അറിയിച്ചു. ബിലീവേഴ്സ് ചർച്ചിന്റെ കീഴിൽ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈവശത്തിലാണു ചെറുവള്ളി തോട്ടം. തോട്ടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചു പാലാ സബ് കോടതിയിൽ സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ നൽകിയ ഹർജി വേഗത്തിലാക്കാൻ സഹകരിക്കാമെന്നും കോടതിവിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളാകാമെന്നും ഇരുകക്ഷികളും ധാരണയായി. വിമാനത്താവളം നിർമാണത്തിനു കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതി വാങ്ങേണ്ടതിലാണ് സഭയുടെ നിലപാട് അറിയാൻ തിരുവനന്തപുരത്ത് ചർച്ച നടന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. തോട്ടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച അവകാശത്തിൽ ഉറച്ചുനിൽക്കുന്നതായും മുൻപ് മേൽക്കോടതികളിൽനിന്ന് അനുകൂലമായി ലഭിച്ച വിധികളുടെ അടിസ്ഥാനത്തിൽ ചർച്ചയാകാമെന്നുമാണു ചർച്ചിന്റെ നിലപാട്.
പാലാ കോടതിയിൽ സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ നൽകിയ കേസ് വേഗത്തിൽ തീർപ്പാക്കിയശേഷം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ച നടക്കും. പാലാ കോടതിയുടെ വിധി അനുകൂലമാകാതെ വരുന്ന കക്ഷികൾ ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള സാഹചര്യം ബാക്കിയുണ്ട്. ഇത് ഒഴിവാക്കാനുള്ള ധാരണയുണ്ടാക്കാൻ ഇനിയും ചർച്ച തുടരും.
