ഓട്ടത്തിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണംവിട്ട് കാർ വൈദ്യുതിത്തൂണിലിടിച്ചു
കാഞ്ഞിരപ്പള്ളി: ഓട്ടത്തിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂവപ്പള്ളി ഉറുമ്പിൽ ജോസി ജേക്കബ് (65) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കെ.കെ. റോഡിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പടിക്കലാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു ജോസി.
രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണംവിടുകയായിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരോട് ഇദ്ദേഹം പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
