KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷം , ഒരാഴ്ചയ്ക്കിടെ ടൗണിൽ കടിയേറ്റത് പത്തോളം പേർക്ക്

എരുമേലി: എരുമേലി ടൗണിന്റെ പല ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ പത്തോളം പേർക്കാണ് കടിയേറ്റത്തോടെ ജനങ്ങൾ ഭീതിയിലായി.

നായ വരുന്നതുകണ്ട് ഓടിയ പലരെയും പിന്നാലെയെത്തി കടിക്കുകയായിരുന്നു. നായകൾ പരസ്പരം കടിപിടി കൂടുന്നതും നിത്യേനയുള്ള കാഴ്ചകളാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വഴിയാത്രക്കാർ ഭീതിയിലാണ്.

രാവിലെ പണിക്ക് പോകാനായി ഇറങ്ങിയ അതിഥി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു. ദിവസങ്ങൾക്ക് മുമ്പ് എരുമേലി പഞ്ചായത്ത് ജങ്ഷനിലാണ് സംഭവം. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന വയോധികനെയും തെരുവുനായ പിന്നാലെയെത്തി ആക്രമിച്ചു. ഉപജീവനത്തിന് മാർഗം തേടുന്ന ഇവർ പണിക്ക് പോകാനാവാതെ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെയ്പ് എടുത്തു.

എരുമേലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിയാൽ, പാർക്ക് ചെയ്തിരിക്കുന്ന ബസുകളുടെ അടിയിൽ തെരുവുനായ്‌ക്കൾ കിടക്കുന്നത് കാണാം. കഴിഞ്ഞ ദിവസം നായകൾ കുരച്ചുകൊണ്ട് ഓടിവരുന്നതുകണ്ട് പരിഭ്രാന്തിയിലായ ബൈക്ക് യാത്രികൻ അപകടമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സ്വകാര്യ ബസ് സ്റ്റാൻഡിലും ഇതാണവസ്ഥ.

മുമ്പ് പ്ലാസ്റ്റിക് കൂടിൽ മീനും ഇറച്ചിയുമായി നടന്നുപോയിരുന്നവർ ഇപ്പോൾ തെരുവുനായ്‌ക്കളുടെ ശല്യം കാരണം ഇവ കട്ടിയുള്ള ബാഗിനുള്ളിലാണ് വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം കടയിൽനിന്നു മീൻ വാങ്ങി നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നാലെ നായകളെത്തി. അടുത്ത കടയിൽ അഭയം തേടുകയായിരുന്നു ഇവർ. ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ പദ്ധതിക്കായി കുടുംബശ്രീ ജില്ലാ മിഷന് തുക കൈമാറിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പറയുന്നു.

error: Content is protected !!